Tuesday, October 29, 2013

മഞ്ഞൂർ

സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്നേഹിക്കുന്ന കേരളത്തിലെ ചെറുപ്പക്കാർ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരിടം. മഞ്ഞൂർ ..പേരിൽ തന്നെ മഞ്ഞും തണുപ്പും ഒളിപ്പിച്ചു വെച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ അധികം ആർക്കും അറിയപ്പെടാത്ത ഒരു ഹിൽ സ്റ്റേഷൻ . ഊട്ടിയിൽ നിന്നും മുപ്പതു കിലോമീറ്റർ അകലത്തിൽ കിടക്കുന്ന "Mini Ootty" എന്നറിയപ്പെടുന്ന  ആ മഞ്ഞൂരിനെ അടുത്തറിയാൻ ആയിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.


സ്വന്തം കുടുംബവും, കൂട്ടുകാരനും ഭാര്യയും, പിന്നെ മിക്ക  യാത്രകളിലും ഒപ്പം ഉണ്ടാകുന്ന, കേരളത്തിലെ വഴികൾ എല്ലാം അറിയുന്ന "ഗൂഗിൾ മാപ് "എന്ന് കളിയാക്കി വിളിക്കുന്ന രാജു ചേട്ടനും ആയിരുന്നു സഹയാത്രികർ. സ്ത്രീകളെയും കുട്ടികളെയും കൂട്ടി മനുഷ്യവാസം വളരെ കുറഞ്ഞ കാട്ടുവഴികളും താണ്ടി മഞ്ഞൂരിലേക്ക് ഒരു യാത്ര പുറപ്പെടുന്നത് വിഡ്ഢിത്തം അല്ലെ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ, ഇതുവരെ അധികം കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ആ മനോഹര ഭൂമിയിലേക്ക്‌ ഞങ്ങൾ ഒരു അവധി ദിനത്തിൽ യാത്ര തുടങ്ങി.


എറണാകുളത്തു നിന്നും തൃശ്ശൂർ വഴി ഷോർണൂർ വരെ എത്തി. അവിടെ നിന്നും മണ്ണാർക്കാട് വഴി ആണ് പോകേണ്ടത്. ഞങ്ങൾ പോകുന്ന ആ വഴിയിൽ ആണ് പ്രശസ്തമായ അനങ്ങൻ മല എന്ന കാര്യം ഓർമ്മ വന്നത് അപ്പോഴാണ്‌.  വഴിയരുകിൽ  തന്നെ ആയതിനാൽ അവിടെ ഇറങ്ങി അല്പ സമയം ചിലവഴിക്കാം എന്ന് തീരുമാനിച്ചു . രാവിലെ ആയതിനാൽ അവിടെ ഉള്ള ടിക്കറ്റ്‌ കൌണ്ടർ തുറന്നിട്ടില്ല. മലയിലേക്കു കയറാനുള്ള ഗേറ്റ് തുറന്നു കിടക്കുന്നുണ്ടായിരുന്നു. ഞാൻ മുൻപ് വന്ന സ്ഥലം ആയതിനാൽ ബാക്കിയുള്ളവരെ കാണിക്കാനായി അവരെയും കൊണ്ട് അല്പദൂരം മല കയറി. ഏറ്റവും മനോഹരവും എന്നാൽ അപകടം നിറഞ്ഞതും ആയ ഒരു സ്ഥലം ആണ് അനങ്ങൻ മല.കുറെ മലയാളം, തമിഴ് സിനിമകൾ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട് .(അനങ്ങൻ മലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം) വലിയ ഉയരങ്ങളിലേക്ക് പോകാതെ അവിടെ കുറച്ചു സമയം ചിലവഴിച്ചു വീണ്ടും യാത്ര തുടങ്ങി.


മണ്ണാർക്കാട്‌  നിന്നും അട്ടപ്പാടിയിലേക്കുള്ള വഴികൾ വശ്യ സുന്ദരം ആയിരുന്നു. പച്ച വിരിച്ച പാടങ്ങളും പറമ്പുകളും നിറഞ്ഞ പാലക്കാടൻ ഗ്രാമ്യ ഭംഗി ആസ്വദിച്ചു കഴിയുമ്പോളേക്കും കയറ്റങ്ങൾ ആരംഭിച്ചു തുടങ്ങും. ഒരു വശത്ത് അഗാധമായ കൊക്കകളും മറു വശത്ത് മലകളും നിറഞ്ഞ നയനമനോഹരമായ കാഴ്ചകൾ ആയിരുന്നു വഴിയിലെല്ലാം കണ്ടിരുന്നത്‌ . കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ബോർഡ്‌ കണ്ടു. മുക്കാലി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. കുറച്ചു പെട്ടിക്കടകളും മറ്റും ഉള്ള, കുറെ ജീപ്പുകൾ കിടക്കുന്ന ഒരു ചെറിയ ജങ്ക്ഷൻ.  സൈലന്റ് വാലി കാണാൻ വരുന്നവർ അവിടെ വണ്ടികൾ പാർക്ക് ചെയ്ത ശേഷം മുന്നൂറു മീറ്റർ അകലെ ഉള്ള ടൂറിസ്റ്റ് സെന്ററിൽ നിന്നും ജീപ്പിൽ കയറിയാണ്  കാടിനെ ആസ്വദിക്കുന്നത്. മുൻകൂട്ടി യാത്രകൾ ബുക്ക്‌ ചെയ്തവരെയും ഉച്ചക്ക് ഒരു മണിക്ക് മുൻപ് വന്നവരേയും മാത്രമേ കാട്ടിലേക്ക് ജീപ്പ് മാർഗം കടത്തി വിടുകയുള്ളൂ. (ഫോണ്‍ 0 4 9 2 4 - 2 5 3 2 2 5 ). മുൻപ് വന്നിട്ടുള്ള സ്ഥലം ആയതിനാൽ അവിടെയും  ഇറങ്ങാതെ വീണ്ടും യാത്ര തുടർന്നു .


അട്ടപ്പാടി എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ ആദ്യം  ആളുകളുടെ മനസ്സിൽ വരുന്നത്  കുറെ അപരിഷ്കൃതരായ ആദിവാസികളും അവരുടെ ഓല മേഞ്ഞ കുടിലുകളും ഒക്കെ ആണ്. പക്ഷെ ഇപ്പോഴത്തെ അട്ടപ്പാടിയുടെ രൂപം അതല്ല എന്നതാണ് സത്യം. ഓലക്കുടിലുകൾക്ക് പകരം ചെറിയ ടെറസ്സ്  വീടുകൾ ആണ് ഇപ്പോൾ അവിടെ കൂടുതലായി കാണുന്നത് . സർക്കാർ പല പദ്ധധികളിൽ ആയി പണിതു കൊടുത്തതും അല്ലാത്തതും ആയ ഒന്നോ രണ്ടോ മുറികൾ മാത്രം ഉള്ള കൊച്ചു കൊച്ചു വീടുകൾ ആണ് അവയെല്ലാം. ഗൂളിക്കടവ് ആണ് അട്ടപ്പാടിയിലെ ഒരു പ്രധാനപ്പെട്ട ജങ്ക്ഷൻ. അത്യാവശ്യം ഹോട്ടലുകളും മറ്റു കടകളും എല്ലാം ഉള്ള ഒരു സ്ഥലം. ഇനി ഇവിടം വിട്ടാൽ ലക്ഷ്യ സ്ഥാനം ആയ മഞ്ഞൂർ വരെ കാര്യമായി കഴിക്കാൻ കിട്ടില്ല എന്നറിയാമായിരുന്നതിനാൽ വണ്ടി ഗൂളിക്കടവിൽ നിറുത്തി ഒരു ഹോട്ടലിൽ കയറി .കഴിക്കാൻ ഒരു രുചിയും ഇല്ലാത്ത ചോറും കറികളും കഴിച്ചു. പട്ടിണി കിടക്കുന്നതിനേക്കാൾ നല്ലതല്ലേ എന്നും കരുതി ഒരു കണക്കിന് വിശപ്പ്‌ മാറ്റി വീണ്ടും യാത്ര തുടർന്നു.


ഗൂളിക്കടവ് കഴിഞ്ഞു കുറച്ചു കഴിഞ്ഞാൽ പിന്നെ  റോഡിൽ ഒരു മനുഷ്യനെ കാണാൻ നമ്മൾ കൊതിച്ചു പോകും. അത്രക്കും വിജനം ആണ്  അവിടമെല്ലാം. അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ ഉള്ളത് വാഴ കൃഷി ആണെന്ന് തോന്നി. പലയിടത്തും  വാഴ തോട്ടങ്ങൾ കണ്ടു.മഴ കഴിഞ്ഞു അൽപ ദിവസം കഴിഞ്ഞതിനാൽ  ഉണങ്ങി പോകാൻ തുടങ്ങുന്ന തരത്തിൽ ആയിരുന്നു അവിടത്തെ മലകൾ എല്ലാം. കാണാൻ ഭംഗിയുള്ള മല നിരകൾ ആണെങ്കിലും പൂർണമായ ഒരു പച്ചപ്പ്‌ ഇല്ലാത്തതിനാൽ കാഴ്ചക്ക് ഒരു പൂർണത വരാത്തതുപോലെ. പോകുന്ന വഴിയിൽ പ്രത്യേകിച്ചും വളവുകളിൽ ആന ഉണ്ടാകും എന്നറിയാമായിരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് രാജു ചേട്ടൻ വണ്ടി ഓടിച്ചിരുന്നത്. പിന്നെ ഉച്ച സമയം ആയതിനാൽ മൃഗങ്ങളെ വഴിയിൽ കാണാൻ വളരെ സാധ്യത കുറവാണ് എന്ന ആശ്വാസത്തോടെ  ഞങ്ങൾ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.


വഴിയരുകിൽ കണ്ട ഒരു നെല്ലി തോട്ടത്തിൽ നിന്നും കുറെ നെല്ലിക്കകൾ കട്ടു പറിച്ചെടുത്തു. ആനകൾ കടക്കാതിരിക്കാൻ വൈദ്യുത വേലി കെട്ടിയ ഒരു തോട്ടം ആയിരുന്നു അത്. ചോദിച്ചു പറിക്കാൻ ആരെയും കാണാത്തത് കൊണ്ടാണ് കട്ടു പറിക്കേണ്ടി വന്നത്. മോഷ്ടിച്ചത് കൊണ്ടായിരിക്കണം വളരെ കനപ്പുതോന്നുന്ന വിഭാഗത്തിൽ പെട്ട ഒരു തരം  നെല്ലിക്ക ആയിരുന്നു അത്. ഒന്ന് ചവച്ചു അതെ വേഗത്തിൽ പുറത്തേക്കു തുപ്പി.


മനുഷ്യവാസം ഒട്ടും ഇല്ലാത്ത ആ വിജന പാതകളിലൂടെ സഞ്ചരിച്ചു മുള്ളി എന്ന സ്ഥലത്ത് എത്തി. മുള്ളിയിലാണ് കേരളത്തിന്റെ ചെക്ക്‌ പോസ്റ്റ്‌ ഉള്ളത്. ചെക്ക്‌ പോസ്റ്റിൽ ആരെയും കണ്ടില്ല. അതിന്റെ അടുത്ത് ഒരു ചെറിയ കട  കണ്ടു. ചായക്കടയും പലചരക്കുകടയും എല്ലാം ചേർന്ന ഒരിടം. ചെക്ക്‌ പോസ്റ്റിൽ ഇറങ്ങി പേരും വിവരങ്ങളും എല്ലാം രജിസ്റ്ററിൽ ചേർക്കണം എന്നാണ് കേട്ടിരുന്നത് . വണ്ടി നിറുത്തിയപ്പോൾ അടുത്ത കടയിൽ നില്കുന്ന ആൾ ചെക്ക്‌ പോസ്റ്റ്‌ കടന്നു പോകാനുള്ള അനുവാദം എന്ന അർഥത്തിൽ കയ്യാട്ടി. വണ്ടിയിൽ സ്ത്രീകളെയും കുട്ടികളെയും കണ്ടത് കൊണ്ടാകണം കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ കടത്തി വിട്ടത് എന്ന് തോന്നി.


ഇനി തമിഴ്നാട്ടിലൂടെ ആണ് യാത്ര. മുള്ളി കഴിഞ്ഞു കുറെ ദൂരം വളരെ മോശം ആയ റോഡുകൾ ആണ്. വെറും കല്ലുകൾ മാത്രം ഉള്ള, റോഡ്‌ എന്ന് പറയാൻ പറ്റാത്ത തരത്തിൽ ഉള്ള റോഡ്‌ ആയിരുന്നു അത് . ആ റോഡിലൂടെ കുറെ ദൂരം സഞ്ചരിച്ചു വീണ്ടും ഒരു ചെക്ക്‌ പോസ്റ്റിൽ എത്തി. തമിഴ് നാടിന്റെ വക ആണ് അത്. അവിടെ നില്ക്കുന്ന ഗാർഡിന് 5 0 രൂപ കൈക്കൂലി കൊടുത്താൽ അതിലെ കടത്തി വിടും എന്നാണു പറഞ്ഞു കേട്ടിരുന്നത്.  രാജു ചേട്ടൻ പുറത്തിറങ്ങി മഞ്ഞൂരിലേക്കാണ്  എന്നും പറഞ്ഞു "പടി" കൊടുത്തു. അങ്ങിനെ ആ ചെക്ക്‌ പോസ്റ്റും കടന്നു വീണ്ടും യാത്ര തുടർന്നു.  ഇനി നേരെ ഗെദ്ദ വഴി മഞ്ഞൂരിലേക്ക്....


കാട്ടു വഴികളിലൂടെ കുറെ ദൂരം വണ്ടി ഓടി കഴിഞ്ഞപ്പോൾ ഹെയർ പിൻ വളവുകളുടെ തുടക്കം ആയി. നാല്പത്തിമൂന്ന് ഹെയർ പിൻ വളവുകൾ ആണ് മഞ്ഞൂരിലേക്ക് . സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ളത് ഇവിടെ ആണ് എന്നും  അത് റെക്കോർഡ്‌ ആണ് എന്നും പറഞ്ഞു  കേട്ടിരുന്നു സത്യമാണോ എന്നറിയില്ല. എന്തായാലും ഊട്ടിയിലെക്കൊ കൊടൈക്കനാലിലെക്കോ ഒന്നും പോകുമ്പോൾ പോകുമ്പോൾ ഒന്നും ഇത്രയധികം വളവുകൾ കണ്ടിട്ടില്ല. 


വളഞ്ഞ പുളഞ്ഞ വഴികളും താണ്ടി വണ്ടി അല്പം കയറിയപ്പോഴേക്കും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മനസ്സിലും ശരീരത്തിലും കുളിർമ പകരുന്ന കാഴ്ചകൾ ആയിരുന്നു അവിടെയെല്ലാം. ഒരു വശത്ത് അഗാധമായ കൊക്കകൾ, മറുവശത്ത് ഉയരം അറിയാത്ത മലനിരകൾ. അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയിൽ  പൊട്ടിന്റെ വലിപ്പത്തിൽ കുറച്ചു വീടുകൾ കണ്ടു. അതാണ്‌ മഞ്ഞൂർ എന്ന് തോന്നി. മഞ്ഞൂരിലേക്കുള്ള റോഡുകൾ എല്ലാം നല്ലതും, വഴിയിൽ വാഹനങ്ങൾ വളരെ കുറവും ആയിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം ഞങ്ങളെ കടന്നു പോയി.കടന്നു വന്ന വഴിയിലോ, പോകാനുള്ള വഴിയിലോ വണ്ടി കേടായാൽ ചിലപ്പോൾ നന്നാക്കിയെടുക്കാൻ ഒരാളെ പോലും അവിടെ കിട്ടുകയില്ല എന്നാലോചിച്ചപ്പോൾ ആണ് ഈ യാത്രയിലെ സാഹസികത മനസ്സിലായത്‌ .


പോകുന്ന വഴിയിൽ വൈദ്യതി ഉത്പാദിപ്പിക്കുന്നതിനായി ഒരു വലിയ മലയിൽ നിന്നും വെള്ളം കൊണ്ട് വരുന്ന വലിയ  പെൻ സ്റ്റോക്ക്‌  പൈപ്പുകൾ കണ്ടു. താഴെ വൈദ്യതി ഉത്പാദിപ്പിക്കുന്ന സ്ഥലവും. ആ സ്ഥലം ഫോട്ടോ നിരോധന മേഖല ആയതിനാൽ തിടുക്കത്തിൽ ഓർമ്മക്കായി ഒരു ചിത്രം മാത്രം എടുത്ത ശേഷം ആ കാഴ്ച്ചയോടും വിട പറഞ്ഞു. 


നാല്പത്തി മൂന്നു ഹെയർ പിൻ വളവുകൾ താണ്ടി അവസാനം ഗെദ്ധ എന്ന സ്ഥലവും പിന്നിട്ടു ഒടുവിൽ മഞ്ഞൂരിലെത്തി. അവിടെ നല്ല തണുപ്പ് തുടങ്ങിയിരുന്നു, ഊട്ടിയിലും കൊടൈക്കനാലിലും കാണപ്പെടുന്ന അതെ തണുപ്പ് .ഏറ്റവും അതിശയകരമായ കാര്യം പലയിടത്തും മേഘങ്ങൾ ഞങ്ങൾക്ക് താഴെയും ഞങ്ങൾ മേഘങ്ങൾക്ക് മുകളിലും ആയിരുന്നു. മഞ്ഞൂരിലെ ഏറ്റവും മുകളിലുള്ള റോഡിൽ നിന്നും നോക്കുമ്പോൾ മഞ്ഞു മേഘങ്ങൾ താഴെ പതുക്കെ പതുക്കെ ഒഴുകി നീങ്ങുന്നത്‌ പലയിടത്തും കണ്ടു. ഒപ്പം അതുവരെ ഞങ്ങൾക്ക്  വേണ്ടി ഒഴിഞ്ഞു മാറി നിന്ന മഴയും പെയ്തു തുടങ്ങി. കോടയും മഴയും, തണുപ്പും എല്ലാം ചേർന്ന ആ വരവേൽക്കൽ ഞങ്ങൾ ശരിക്കും ആസ്വദിച്ചു.


കുറച്ചു കടകളും റോഡരുകിൽ  ഒരു അമ്പലവും ഉള്ള വളരെ ചെറിയ വിസ്തൃതിയുള്ള ഒരു കവല അതായിരുന്നു മഞ്ഞൂർ. താമസിക്കാൻ ഒരു ഹോട്ടലിന്റെ പേരും നോക്കി ആ വഴികളിലൂടെ പതുക്കെ വണ്ടി ഓടിച്ചു. മറ്റു പല ബോർഡുകൾ കണ്ടു എന്നതല്ലാതെ ഹോട്ടലിന്റെ പേര് ഉള്ള ബോർഡ്‌ മാത്രം അവിടെ കണ്ടില്ല. കുറച്ചു കൂടി മുമ്പോട്ടു പോയപ്പോൾ കടകൾ അവസാനിക്കുകയും റോഡ്‌ വിജനമാകുകയും ചെയ്തപ്പോൾ വണ്ടി തിരിച്ചു. 


വഴിയരുകിൽ കണ്ട ഒരാളോട് വിവരങ്ങൾ തിരക്കി. മഞ്ഞൂർ ജങ്ക്ഷനിൽ തന്നെ രണ്ടു ലോഡ്ജുകൾ ഉണ്ടെന്നും അവയല്ലാതെ ഇവിടെ താമസിക്കാൻ മറ്റു സൌകര്യങ്ങൾ ഒന്നും ഇല്ല എന്ന് അയാളിൽ നിന്നും അറിഞ്ഞു. അവസാനം ചെറിയ അക്ഷരത്തിൽ എഴ്തുതിയ ലോഡ്ജിന്റെ ബോർഡ്‌ കണ്ടു പിടിച്ചു. പുറത്തു നിന്നും കണ്ടപ്പോൾ തന്നെ അവിടം താമസിക്കാൻ ഒട്ടും പറ്റിയതല്ല എന്ന് തോന്നി. വീണ്ടും അൽപ ദൂരം കൂടി യാത്ര തുടർന്നപ്പോൾ "Bellucks Guest House" എന്ന  ബോർഡു കണ്ടു. ഒരു അവസാന പരീക്ഷണം ആയി അവിടെ കയറി നോക്കാം എന്നും കരുതി വണ്ടി നിറുത്തി. 


ആയിരത്തി എണ്ണൂരു രൂപയ്ക്കു അവിടെ രണ്ടു റൂമുകൾ എടുത്തു. നല്ല വൃത്തിയുള്ള മുറികളും ടോയ്ലെട്ടും ആയിരുന്നു അവിടെ. തമിഴ് അറിയാത്തതിനാൽ പല യാത്രകളിലും ആളുകളോട്  മുറി ഭാഷയിൽ ആണ് സംസാരിക്കാറുള്ളത് .എന്നാൽ ഗസ്റ്റ് ഹൗസിന്റെ  ഉടമസ്ഥൻ ബെല്ലക്സ് മനോഹരം ആയി ഇംഗ്ലീഷ് സംസാരിക്കുന്ന ആൾ ആയതിനാൽ ഭാഷ ഒരു തടസ്സം ആയില്ല എന്നതും ഈ താമസം രസകരം ആയി മാറി. മഞ്ഞൂരിലെ ഏക അംഗീകൃത ഗസ്റ്റ് ഹൌസ് ഇതാണ് എന്ന് അയാൾ പല തവണ സംസാരത്തിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.


മഴ മാറി അൽപ വിശ്രമത്തിന്മ ശേഷം മഞ്ഞൂർ കാണാൻ ഇറങ്ങി. ഏകദേശം മുപ്പതു കിലോമീറ്റർ പോയിക്കഴിഞ്ഞാൽ അപ്പർ ഭവാനിയിലെത്താം. അവിടത്തെ ഡാമും കാഴ്ചകളും സുന്ദരം ആണ് എന്നറിയാമായിരുന്നു. കുറെ ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടും, ഓടി നടന്നു കുറെ സ്ഥലങ്ങൾ കാണാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും അത് ഒഴിവാക്കി. ഏകദേശം ആറു കിലോമീറ്റർ മാത്രം അകലത്തിൽ മലയുടെ മുകളിൽ ആണ്ടവരുടെ ഒരമ്പലം ഉണ്ടെന്ന ബെല്ലക്ക്സിന്റെ വാക്കുകളെ വഴികാട്ടിയാക്കി അവിടേക്ക് യാത്ര തിരിച്ചു.


മഞ്ഞൂരിലെ പ്രധാന തൊഴിലും കൃഷിയും എല്ലാം തേയില തന്നെ ആയിരുന്നു. എവിടെ നോക്കിയാലും കോട മഞ്ഞു പുതഞ്ഞ പച്ച വിരിച്ച തേയില തോട്ടങ്ങൾ മാത്രം. പലരോടും വഴി ചോദിച്ചു കുറെ ചെന്നപ്പോഴേക്കും കൊത്തു പണികൾ നിറഞ്ഞ  അമ്പലത്തിന്റെ വലിയ ഗേറ്റ് കണ്ടു. അതും കടന്നു ചെന്നപ്പോഴേക്കും വീണ്ടും അതേ പോലെ ഒരെണ്ണം. പല തവണ ഗേറ്റുകൾ താണ്ടി ഒടുവിൽ ഒരു വലിയ മലയുടെ ഏറ്റവും ഉച്ചിയിൽ എത്തി.


അടുത്ത കാലത്ത് കണ്ട ഏറ്റവും സുന്ദരമായ ഒരു സ്ഥലം. ഒരു വലിയ മലയുടെ മുകളിൽ ഒരു ചെറിയ അമ്പലം. അതിന്റെ അടുത്ത് ഒരു ആശ്രമം. അവിടെ നിന്നും നോക്കിയാൽ മഞ്ഞൂരിലെ എല്ലാ ഭാഗങ്ങളും 3 6 0 ഡിഗ്രിയിൽ  കാണാം. അവിടെ വരുന്നവർക്ക് പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി അമ്പലത്തിനടുത്തു ഒരു വാച്ച് ടവർ പണിതിട്ടുണ്ടായിരുന്നു. അമ്പലത്തിനകത്ത് നിന്നും കേൾക്കുന്ന ഭജനയും ശ്രവിച്ചു ആ വാച്ച് ടവറിൽ മനുഷ്യനെ  മയക്കുന്ന, ബ്രമിപ്പിക്കുന്ന മനോഹര  കാഴ്ചകൾ കണ്ടു നിന്നു. സാമാന്യം ശക്തിയിൽ വീശുന്ന തണുത്ത കാറ്റും ചിലപ്പോൾ മാത്രം അസഹനീയം ആയി തോന്നി. പ്രകൃതിയും മനുഷ്യനും അടുത്തറിയുന്ന ചില ആ അപൂർവനിമിഷങ്ങൾ തികച്ചും വിവരണാതീതമായിരുന്നു.


അമ്പലത്തിന്റെ അടുത്ത് കണ്ട ഒരു സ്വാമിജിയെ പരിചയപ്പെട്ടു. ഏകദേശം പത്തോളം പേര് അവിടെ താമസിച്ചു പ്രാർഥനയും മറ്റുമായി കഴിയുന്നുണ്ട് എന്ന് ആ സ്വാമിജിയിൽ നിന്നും അറിഞ്ഞു. അവിടെ നിന്നും താഴേക്ക് ഒരു കിലോമീറ്റർ ഇറങ്ങി ചെന്നാൽ ഒരു ഗുഹയുണ്ട് എന്നും മഴ പെയ്തു വഴുക്കിയ, ഈ ഇരുണ്ടു തുടങ്ങിയ കാലാവസ്ഥയിൽ കുട്ടികളോടൊപ്പം അവിടെ പോകേണ്ട എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ രണ്ടു പേരും അവിടെ കണ്ട മറ്റു കുട്ടികളുമായി കളികൾ തുടങ്ങിയിരുന്നു. അവർക്ക് എവിടെ ചെന്നാലും ഭാഷയും പ്രായവും സ്ഥലവും ഒന്നും പ്രശ്നം ആകാറില്ല. സുരക്ഷിതമായ ഒരകലത്തിൽ അവരെ കളിയ്ക്കാൻ വിട്ടു നേരം ഇരുട്ടുന്നതു വരെ അവിടെ തന്നെ നിന്നു. മടങ്ങി പോരാൻ മനസ്സ് വന്നില്ല. ഒടുവിൽ  മഞ്ഞു നിറഞ്ഞു കാഴ്ച്ചയെ മറച്ചു തുടങ്ങിയപ്പോൾ അവിടം വിട്ടു. 


മടങ്ങി വന്നു രാത്രി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടൽ തപ്പി ഇറങ്ങി. പൂജ അവധി ദിവസം ആയതിനാൽ പല ഹോട്ടലുകളും തുറന്നിട്ടുണ്ടെങ്കിലും അവയിൽ ഒന്നിലും കച്ചവടം ഇല്ല എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.നാല് മണിക്ക് ചായ കുടിച്ച ഒരു ചെറിയ ഹോട്ടൽ മാത്രം തുറന്നിരിക്കുന്നു. അവിടെ കയറി. നേരത്തെ പറയാത്തതിനാൽ കഴിക്കാൻ ഒന്നും ഇല്ല എന്നും അൽപനേരം കാത്തിരുന്നാൽ എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് കടയുടമ മലയാളവും തമിഴും ചേർന്ന  ഭാഷയിൽ പറഞ്ഞു. 


ഭക്ഷണത്തിനായുള്ള കാത്തിരിപ്പിനിടയിൽ അറുപതിലേറെ പ്രായം തോന്നിക്കുന്ന കടയുടമയോട് പേരും വിവരങ്ങളും തിരക്കി. നാളെക്കുള്ള പച്ചക്കറികൾ അരിയുന്നതിന്റെ ഇടയിൽ അയാൾ സ്വന്തം  ജീവിതം പറഞ്ഞു തന്നു. മലയാളിയാണ്. കണ്ണൂർ ആണ് സ്വദേശം.പേര് അബ്ദുള്ള. മഞ്ഞൂരിൽ  വന്നിട്ട് അമ്പതിലേറെ വർഷങ്ങൾ ആയി. ഭാര്യയും ഒരു മകനും ഉണ്ട്.മൂന്നു പേരും ചേർന്ന് ഹോട്ടലിന്റെ കാര്യങ്ങൾ എല്ലാം നോക്കും. മറ്റു പണിക്കാർ ആരും ഇല്ല. വർഷങ്ങൾ കൂടുമ്പോൾ അതും കല്യാണമോ മരണമോ ഉണ്ടായാൽ മാത്രം നാട്ടിൽ പോകും. ബാക്കി സമയം മുഴുവൻ ഈ ഹോട്ടലും കുടുംബവും ആയി ആ മലയിൽ ആ തണുപ്പിൽ ജീവിതം ജീവിച്ചു തീർക്കുന്ന ഒരാൾ.


തണുത്ത വിറയ്ക്കുന്ന ആ കാലാവസ്ഥയിൽ ചൂടുള്ള ചപ്പാത്തിയും രുചികരം ആയ  തക്കാളിക്കറിയും കഴിക്കുന്നതിന്റെ ഇടയിൽ അബ്ദുള്ളയെ അയാൾ അറിയാതെ പല തവണ നോക്കി. ഒരായുസ്സ് മുഴുവൻ ഈ മല മുകളിൽ ജോലിചെയ്തിട്ടും ഒന്നും നേടിയിട്ടില്ലാത്ത വാർധക്യത്തിലും ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ മുഖത്ത് ചിരി മാത്രം ഒതുക്കി ജീവിക്കുന്ന ഇത്തരം ആളുകളെ പലയിടത്തും കാണാറുണ്ട്‌. അൽപ നേരം ചൂട് സഹിച്ചാൽ , മൊബൈലിന്റെ റേഞ്ച് പോയാൽ, ഒരു നേരം ഫേസ് ബുക്കിൽ കയറാൻ പറ്റാതിരുന്നാൽ പരാതിയും ബഹളങ്ങളും ഉണ്ടാക്കുന്ന ഞാനടക്കമുള്ള എല്ലാവരും ഇത്തരം മനുഷ്യരെ കണ്ടു പഠിക്കണം എന്ന് തോന്നി.


മഞ്ഞൂരിൽ ടൂറിസ്റ്റുകൾ വളരെ കുറച്ചു മാത്രമേ വരാറുള്ളൂ എന്നും വന്നാൽ അവിടത്തെ കാഴ്ചകൾ എല്ലാം കണ്ടു അന്ന് തന്നെ മടങ്ങി പോകുകയാണ് പതിവും എന്നും അബ്ദുള്ളയിൽ നിന്നും അറിഞ്ഞു. അടുത്ത വരവിൽ കാണാം എന്നും പറഞ്ഞു അബ്ദുള്ളക്കു പണവും കൊടുത്തു  നന്ദിയും ചൊല്ലി അവിടെ നിന്നും ഇറങ്ങി. പിന്നെ എല്ലാവരും ചേർന്ന്   വെറുതെ ആ വഴികളിലൂടെ  നടന്നു. തമിഴ് നാട്ടിൽ സാധാരണ കാണുന്ന വൃത്തി വളരെ കുറവുള്ള റോഡുകൾ ആയതിനാൽ രാത്രിയിലെ യാത്ര വേഗം അവസാനിപ്പിച്ചു. 

രാത്രി മുറിയിൽ ഏറെ നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു. ജോലിയുടെ തിരക്കുകൾക്കിടയിൽ വല്ലപ്പോഴും വീണു കിട്ടുന്ന ഈ ദിവസ്സങ്ങളിൽ ആണ് ശരിക്കും മനുഷ്യരോട് സംസാരിക്കുന്നത് . യാത്രകളെ ഇഷ്ടപ്പെടുന്ന ആളുകള് ആയതിനാൽ സംസാരം കൂടുതൽ യാത്രകളെ കുറിച്ച് മാത്രം ആയിരുന്നു. അങ്ങിനെ ആ തണുപ്പിൽ അറിയപ്പെടാത്ത ഒരു സ്ഥലത്ത്  മറക്കാനാവാത്ത ഒരു ദിവസം കൂടി ജീവിതമെന്ന ഡയറിയിൽ എഴ്തുതി ചേർത്തു.


പിറ്റേന്ന് രാവിലെ ഞങ്ങൾ മഞ്ഞൂരിനോട് വിട പറഞ്ഞു. ഇനി ഇവിടെ കാണാൻ ഉള്ളത് അപ്പർ ഭവാനി ഡാം,  പിന്നെ പെൻ സ്റ്റോക്ക്‌ വ്യൂ  എന്ന സ്ഥലങ്ങൾ ആണ്. അപ്പർ ഭവാനിയിലേക്ക്  മുപ്പതു കിലോമീറ്റർ യാത്ര ചെയ്യണം,പെൻ സ്റ്റോക്ക്‌ വ്യൂ ആണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ സന്ദർശകരെ വിലക്കിയിരിക്കുകയും ആണ്. ഇനിയും ഞങ്ങൾ അറിയാത്ത കുറെ നല്ല സ്ഥലങ്ങൾ ഇവിടെ ഉണ്ടാകും എന്നറിയാം. ഇത് ഒരു പരീക്ഷണ യാത്ര മാത്രം ആണ്. ഒരു പുതിയ സ്ഥലം പഠിക്കാൻ, ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു യാത്ര.ബാക്കി കാഴ്ചകൾ എല്ലാം മറ്റൊരു യാത്രയിൽ കണ്ടു തീർക്കാം എന്നും കരുതി ഞങ്ങൾ മടങ്ങി...ഞങ്ങളുടെ ഈ യാത്രയിൽ ഇനിയും കാഴ്ചകൾ ഒത്തിരി ബാക്കിയാണ്. മഞ്ഞൂരിൽ നിന്നും ഊട്ടി അവിടെ നിന്നും മാസിനഗുടി വഴി നിലംബൂരിലൂടെ എറണാകുളത്തേക്ക് . ഒരു പാട് കാഴ്ചകൾ ഞങളെ കാത്തിരിക്കുന്നുണ്ട് .

മഞ്ഞൂരിൽ നിന്നും കോട നിറഞ്ഞ വഴികളിലൂടെ തിരിച്ചിറങ്ങുമ്പോൾ വണ്ടി നിറുത്തിച്ചു ഭാര്യയും കുട്ടികളും റോഡരുകിൽ നിറഞ്ഞു നിന്നിരുന്ന ഊട്ടി പൂവ് എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഒരിക്കലും വാടാത്ത, ഉണങ്ങാത്ത പൂവുകൾ കുറെ പറിച്ചെടുത്തു. മഞ്ഞൂരിന്റെ ഓർമ്മക്കായി  ആ മഞ്ഞപ്പൂവുകൾ കയ്യിലും ആ സുന്ദര കാഴ്ചകൾ മനസ്സിലും നിറച്ചു ഞങ്ങൾ മടങ്ങി.

മഞ്ഞൂരിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം .....

52 comments:

  1. കിടു സ്ഥലം, എന്തായാലും പോകണം... :)

    ReplyDelete
    Replies
    1. നിർമൽ ... ബുള്ളറ്റിൽ പോകാൻ ശ്രമിക്കുക ...വളരെ രസകരം ആകും ആ യാത്ര....

      Delete
  2. മഞ്ഞൂരിനെ കുറിച്ച് കേട്ടിട്ടുണ്ടങ്കിലും വ്യക്തമായി അറിയാന്‍ കഴിഞ്ഞത് ഇപ്പോഴാണ്‌ , ആ ഗസ്റ്റ്‌ ഹൌസ് ന്റെ കോണ്ടാക്റ്റ്‌ നമ്പര്‍ കൂടി കൊടുക്കാമായിരുന്നു , യാത്രകള്‍ ഇഷ്ടപെടുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഒരു വഴികാട്ടിയാണ് താങ്കളുടെയും , നിരക്ഷരന്റെയും യാത്ര ബ്ലോഗുകള്‍.ഇനിയും കാത്തിരിക്കുന്നു ഒരു പുതിയ ആദ്യായത്തിനും , അറിയപെടാത്ത വഴികളിലൂടെയുള്ള പ്രയാണത്തിനും .

    ReplyDelete
    Replies
    1. അബ്ദുൽ സലാം ...നന്ദി ... ഫോണ്‍ നമ്പരും കൂടുതൽ വിവരങ്ങളും ആവശ്യം വരുമ്പോൾ തരാം. കുറെ നല്ല സ്ഥലങ്ങൾ ഇനിയും ബാക്കിയുണ്ട് ... തുടർന്ന് എഴുതാൻ ശ്രമിക്കാം ....നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങൾ തീർച്ചയായും ഒരു പ്രോത്സാഹനം തന്നെ ആണ്.

      Delete
  3. Replies
    1. സുഹൃത്തേ ... നന്ദി ...

      Delete
  4. Nannayittund..adutha yathra vivaranathinu kaathirikkunnu

    ReplyDelete
    Replies
    1. എഴുതാനായി ഇനിയും ഒരു പാട് യാത്രകൾ ബാക്കിയുണ്ട് ...അടുത്ത ഒരു വർഷത്തിനുള്ളിൽ ബ്ലോഗിന്റെ എണ്ണം അമ്പതു തികക്കണം എന്ന് വിചാരിക്കുന്നു ... നന്ദി

      Delete
  5. Good piece of info...Thank you bro.

    ReplyDelete
    Replies
    1. കൂട്ടുകാരാ ... നന്ദി ...പുതിയ ഒരു യാത്രയും ആയി വീണ്ടും കാണാം...

      Delete
  6. കേട്ടിട്ടേയില്ലാത്ത സ്ഥലം. എന്നെങ്കിലും ആ ഭാഗത്തു കൂടി സഞ്ചരിക്കാൻ പറ്റുകയാണെങ്കിൽ പോകാം. പ്രതീക്ഷകൾ പുലർത്തുന്നതിൽ തെറ്റില്ലല്ലോ... പരിചയപ്പെടുത്തൽ അഭിനന്ദനിയം!

    ReplyDelete
    Replies
    1. സുഹൃത്തേ ..
      താങ്കൾ പറഞ്ഞത് പോലെ പ്രതീക്ഷകൾ തന്നെ ആണ് ജീവിതം..
      ഇനിയും ഇതേ പോലെ അറിയപ്പെടാത്ത എത്രയോ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട് ....
      അതെല്ലാം കണ്ടു തീർക്കാൻ ഈ ആയുസ്സ് പോരാ .........

      Delete
  7. Replies
    1. അങ്ങിനെ എന്നെ ഒരു വലിയ ആൾ ആക്കല്ലേ ...ജോലിയുടെ പിരിമുറുക്കത്തിൽ നിന്നും ഒരു മോചനം നേടാൻ, ഇടയ്ക്കു നടത്തുന്ന കൊച്ചു കൊച്ചു യാത്രകൾ ആണ് ഇതെല്ലാം. വളരെ ചിരുങ്ങിയ ചെലവ് മാത്രം വരുന്ന ചെറിയ യാത്രകൾ ആണ് കൂടുതലും നടത്താറുള്ളത്.

      Delete
  8. മഞ്ഞൂര്‍ സന്ദര്‍ശനം വെറുതെ ആയില്ല, കാരണം ഈ മനോഹരമായ സ്ഥലത്തെപറ്റി കേട്ടിട്ടുപോലുമില്ലാത്ത എന്നെപോലെയുള്ളവര്‍ക്ക് ഇനിയും ഊട്ടിയില്‍ പോകുമ്പോള്‍ കണിശമായും ഇവിടെ പോകാനുള്ള അഭിനിവേശം സൃഷ്ടിക്കാന്‍ താങ്കളുടെ വിവരണങ്ങളും മനോഹരമായി. അഭിനന്ദനങ്ങള്‍.. ആസ്വദിക്കുക നല്ല സമയങ്ങള്‍ സ്വന്തം കുടുംബത്തോടൊപ്പം , അതാണ്‌ സുന്ദരമായ ജീവിതം.

    ReplyDelete
    Replies
    1. നന്ദി ...
      ഞങ്ങൾക്കും മഞ്ഞൂർ ശരിക്കും ഒരു വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. പക്ഷെ അവിടത്തെ മുഴുവൻ കാഴ്ചകളും കണ്ട് തീർക്കാൻ ഒരു തവണ കൂടി അവിടെ പോകണം എന്നുണ്ട്.
      എന്തായാലും താങ്കൾ ഒരു തവണ അവിടെ പോയി പുതിയ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഷെയർ ചെയ്യാൻ ശ്രമിക്കുക .....

      Delete
  9. Such a wonderful place and awesome writing. Valarae ishtapettu randum. South Indiayil ettavum kooduthal hair pin bend ulla record thettanu. It is on the way to Kolli hills- 70 hair pin bends. Ivide vayikkam athine patti- http://rajniranjandas.blogspot.in/2011/03/seventy-bends-and-fall.html

    ReplyDelete
    Replies
    1. നിരഞ്ജൻ ...താങ്കൾ പറഞ്ഞത് ശരിയാണ് ... കൊള്ളി ഹിൽസ് ആണ് സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ള സ്ഥലം. എനിക്ക് ഒരു സംശയം ഉള്ളത് കൊണ്ടാണ് ഞാൻ അങ്ങിനെ എഴുതിയത്. താങ്കളുടെ കൊള്ളിമല ചിത്രങ്ങളും വിവരണവും വായിച്ചു. നന്ദി ..ഈ അറിവ് പങ്കു വെച്ചതിന് .

      Delete
  10. Replies
    1. Nina...
      ഓർമ്മയുണ്ടോ എന്നറിയില്ല ..ഞാൻ ആദ്യമായി എഴുതിയ യാത്രാ വിവരണം നമ്മുടെ കോളേജ് ജീവിതത്തിലെ കൊടൈക്കനാൽ യാത്ര ആണ് എന്നത് ..അന്ന് നിങ്ങൾ തന്ന പ്രചോദനം ആയിരിക്കാം വർഷങ്ങൾക്കു ശേഷം വീണ്ടും യാത്രകൾ എഴുതാൻ പ്രേരിപ്പിച്ചത്..

      Delete
  11. ഇതുവരെ അറിയാത്ത മഞ്ഞൂരിനെ കുറിച്ച് പറഞ്ഞു തന്നതിന് വളരെയേറെ നന്നിയുണ്ട് തീർച്ചയായും മഞ്ഞൂരിൽ പോകാൻ ശ്രമിക്കും ഇനിയും ഇതുപോലെ വ്യത്യസ്തമായ യാത്ര കുറിപ്പുകൾ പ്രതീഷിക്കുന്നു സ്നേഹപൂർവ്വം സുനിൽ pssunillal@gmail.com

    ReplyDelete
    Replies
    1. സുനിൽ ...തീർച്ചയായും ശ്രമിക്കാം ...സമയം ആണ് ഒരു പ്രശ്നം.. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പാട് സമയം ഉണ്ടായിരുന്നു ..അപ്പോൾ കൈയിൽ പണം ഉണ്ടായിരുന്നില്ല ...ഇപ്പോൾ ചെറിയ യാത്രകൾ പോകാനുള്ള പണമൊക്കെ ആയപ്പോൾ ഒട്ടും സമയം കിട്ടുന്നുമില്ല..ജീവിതം പലപ്പോഴും അങ്ങിനെയാണ് ....

      Delete
  12. താങ്കളുടെ മഞ്ഞൂര്‍ യാത്രാനുഭവം വളരെ നന്നായിരിക്കുന്നു....അധികം അറിയപ്പെടാത്ത ഈ മനോഹരമായ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിനെ തണുപ്പിക്കുന്നു...അവിടം വരെ പോകാന്‍ ഒരാഗ്രഹം...തോന്നുന്നു....നന്ദി...

    ReplyDelete
    Replies
    1. മഞ്ഞൂരിനെ കുറിച്ച് ഞാൻ കേട്ടിട്ട് കുറെ നാളായി. ഇത്രയും മനോഹരം ആയ സ്ഥലവും കാലാവസ്ഥയും ആകും എന്നു ഞാൻ കരുതിയില്ല. മലപ്പുറത്ത്‌ നിന്നും കുറെ സുഹൃത്തുക്കൾ മഞ്ഞൂരിലൂടെ ബൈക്ക് യാത്ര നടത്തുകയും അതിൽ എനിക്ക് പങ്കെടുക്കാൻ പറ്റാതെ വരികയും ചെയ്തപ്പോഴാണ് മഞ്ഞൂർ ഒരു ആഗ്രഹം ആയി മനസ്സിൽ നിറഞ്ഞത് . ഈ യാത്രയിൽ വണ്ടി കേടായാൽ ...അത് മാത്രമാണ് ഒരു പ്രശ്നം. അട്ടപ്പാടി കഴിഞ്ഞാൻ പിന്നെ വണ്ടികൾ വളരെ അപൂർവ്വം ആയി മാത്രമേ കാണൂ.

      Delete
  13. അട്ടപാടി കഴിഞ്ഞൂ പോകണം അല്ലേ...സത്യത്തില്‍ ശരികുള്ള കാഴ്ചകള്‍ കാണാന്‍...
    എനിക്കു ഇപ്പോഴാണു വിഷമം തോന്നുന്നത് ...എന്തായാലും..പാതി വഴിയില്‍ അവസാനിപ്പിച്ചതു...2013 കഴിയുന്നതിന് മുന്നേ പൂര്‍ത്തിയാക്കണം..നന്ദിയോടെ..അനികുറുമാല്‍

    ReplyDelete
    Replies
    1. അട്ടപ്പാടി കഴിഞ്ഞു കുറെ പോയാൽ ആനക്കട്ടി എന്ന സ്ഥലം ഉണ്ട് എന്ന് കേട്ടു. കാണാൻ ഭംഗിയുള്ള നല്ല സ്ഥലം ആണ് എന്ന് അറിഞ്ഞു . പിന്നെ അട്ടപ്പാടിയിലൂടെ പോകുമ്പോൾ ഒരു വലിയ കാണാൻ നല്ല ഭംഗിയുള്ള ഒരു മല കണ്ടു. അതിന്റെ മുകളിൽ ഒരു അമ്പലം ഉണ്ടത്രേ. ശിവരാത്രി കാലത്ത് ആളുകൾ ആ മല കയറി അമ്പലത്തിൽ പോകും എന്നും പറഞ്ഞു കേട്ടു. എന്നെങ്കിലും അട്ടപ്പാടിയിൽ പോകുന്നുണ്ടെങ്കിൽ ഈ വിവരങ്ങൾ അറിയാൻ ശ്രമിക്കുക.

      Delete
    2. Wonderful travelogue. The peak is called Malleshwaram Peak.. ശിവരാത്രി സമയത്ത് മാത്രം ആദിവാസികൾ അവിടെ എത്തി തിരി തെളിക്കുന്ന ഒരു ചടങ്ങുണ്ട് . അവര്ക്ക് അത് വലിയ ആഘോഷവും ആണ്.. ആദിവാസികൾ അല്ലാത്തവർ അങ്ങോട്ട്‌ പോവാറില്ല എന്നാണു അറിയാൻ കഴിഞ്ഞത്

      Delete
    3. ദീപക് ...
      നന്ദി ..അടുത്ത ശിവരാത്രിക്ക് പറ്റിയാൽ അവിടെ പോകണം ...ആദിവാസികൾ അല്ലാത്തവരും അവിടെ പോകാറുണ്ട് ...മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല.

      Delete
  14. എത്ര മനോഹരമായ കാഴ്ചകള്‍...!

    ReplyDelete
  15. എത്ര മനോഹരമായ കാഴ്ചകള്‍...!

    ReplyDelete
    Replies
    1. നന്ദി ..കൂട്ടുകാരാ ..

      Delete
  16. Replies
    1. പ്രശാന്തൻ ..നന്ദി ..

      Delete
  17. മഞ്ഞൂരിനെക്കുറിച്ചറിഞ്ഞു. വിവരണത്തേക്കാൾ മനസ്സിനെ ആകർഷിച്ചത് ചിത്രങ്ങളാണ്. ചിത്രങ്ങൾ മഞ്ഞൂരിലേക്ക് വിളിക്കുമ്പോലെ...

    ReplyDelete
    Replies
    1. തുമ്പി ...നന്ദി ..പക്ഷെ ഞങ്ങൾ അവിടെ കണ്ട കാഴ്ചകൾ പകർത്താൻ എന്റെ ക്യാമറക്ക്‌ കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ അടുത്ത ഞാൻ കാലത്താണ് കാനോണിന്റെ പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ച് തുടങ്ങിയത് . അതിന്റെ ഉപയോഗങ്ങൾ ശരിക്കും അറിയാത്തതിനാൽ ഇതിലെ പല ചിത്രങ്ങളും ഓട്ടോ ഫോക്കസ് മോഡിൽ ആണ് എടുത്തത്‌. അല്ലെങ്കിൽ ഇതിലും മനോഹരമാകുമായിരുന്നു ഈ ചിത്രങ്ങൾ.

      Delete
  18. യാത്ര ഇഷ്ടപെടുന്ന എന്നെപോലുള്ള ആളുകള്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു സ്ഥലത്തെ അറിയിച്ചു തന്നതിന് ആദ്യം നന്ദി പറയട്ടെ മധുവേട്ടാ .....
    ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ മനസ്സ് മഞ്ഞൂരില്‍ തങ്ങിനില്‍കുന്നത് പോലെ തോന്നി ....ഇനിയും നല്ല നല്ല സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണം.....
    നെല്ലിയാമ്പതി ഇതിനു സമീപമാണോ ...?

    ReplyDelete
    Replies
    1. NIZAM
      നെല്ലിയാമ്പതിയും മഞ്ഞൂരും രണ്ടും വളരെ അകലത്തിൽ കിടക്കുന്ന സ്ഥലങ്ങൾ ആണ് ... മഞ്ഞൂർ തമിഴ്നാട്ടിലും നെല്ലിയാമ്പതി കേരളത്തിലും ആണ്.

      Delete
  19. Blogil ulla abdullay enikku ishtapettu.........innocent
    .

    ReplyDelete
    Replies
    1. നരച്ച താടിയും മുടിയും ഉള്ള അറുപതിൽ കൂടുതൽ പ്രായം ഉള്ള , എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആ മുഖം എനിക്കും ഒരിക്കൽ മറക്കാൻ കഴിയില്ല. എന്റെ കയ്യിൽ ക്യാമറ ഉണ്ടായിരുന്നു, ആൾ അറിയാതെയോ , അറിഞ്ഞിട്ടോ ഒരു ഫോട്ടോ എടുക്കാൻ എനിക്ക് കഴിയുമായിരുന്നു. പക്ഷെ എനിക്ക് അതുപോലും കഴിഞ്ഞില്ല.മനസ്സിൽ നിറയേ ഫോട്ടോ എടുത്തു മടങ്ങി ..ചില ആളുകൾ അങ്ങിനെയാണ് ....

      Delete
  20. കൊള്ളാം മധു നന്നായിരിക്കുന്നു ..... കൂട്ടുകാരുമൊത്തു കരങ്ങുന്നതാണ് ..നല്ലതെന്ന് ..തോന്നുന്നു ..ബൈക്ക് ..തന്നെ നല്ലത്

    ReplyDelete
    Replies
    1. പോകുന്ന വഴി എല്ലാം കാണാൻ വളരെ സുന്ദരമാണ് ...പിന്നെ റോഡിൽ ഒട്ടും തിരക്ക് ഇല്ലാ... അത് കൊണ്ട് തന്നെ ബൈക്ക് യാത്ര രസകരം ആകും. പിന്നെ ഉച്ച കഴിഞ്ഞാൽ മുള്ളിയിലെ ചെക്ക്‌ പോസ്റ്റിലൂടെ ചിലപ്പോൾ അവർ കടത്തി വിടില്ല. ആന ശല്യം വളരെ ഉള്ള സ്ഥലം ആണ് അത്.

      Delete
  21. കലക്കീട്ട്ണ്ട് ട്ടാ ...

    ReplyDelete
  22. ഞാനും മധു ചേട്ടനെ പോലെ പുതിയ സ്ഥലങ്ങൾ കണ്ടെത്തി യാത്രചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്‌. പക്ഷെ ബസ്‌ യാത്രകളാണ് എനിക്ക് കൂടുതലും ഇഷ്ടം. Please check and like my FB page

    https://www.facebook.com/pages/PRASH-The-KSRTC-Traveller/653891237962554?ref=hl

    ReplyDelete
  23. ഫോട്ടോസെല്ലാം കൊതിപ്പിച്ചു. വിവരണവും.

    ReplyDelete
  24. പോയി വന്ന പ്രതീതി. നമിച്ചിരിക്കുന്നു. വിവരണവും ചിത്രങ്ങളും. ഇങ്ങനൊരു സ്ഥലത്തെ കുറിച്ച് ഞാന്‍ റേഡിയോയിലൂടെ ജനങ്ങള്‍ക്ക്‌ പറഞ്ഞു കൊടുക്കും. പോയി പെടാതിരിക്കാന്‍ വിശദമായി പറയേണ്ടി വരും. കടപ്പാട് , മധു മാമന്‍

    ReplyDelete
  25. ഒരിക്കല്‍ മൈസൂരിലേക്ക് ബൈക്കില്‍ പോയിരുന്നു. താമരശ്ശേരി വഴി. തിരിച്ചു ഗുഡല്ലൂര്‍ വഴി ഊട്ടി ആയിരുന്നു പ്ലാന്‍. മസനഗുഡി വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. മഴയും മഞ്ഞും ഞങ്ങളെ വഴിക്കടവ് വഴി തിരിച്ചു വിട്ടു. അത് കൊണ്ട് ബൈക്ക് യാത്ര എത്രത്തോളം വിജയം ആകും. കാലാവസ്ഥ എപ്പോഴും ഒരെ പോലെ ആവില്ലല്ലോ മാമ. ഇത്രയും ഹെയര്‍ പിന്‍ ഉള്ളതല്ലേ

    ReplyDelete
  26. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് ഒന്ന് കൂടി, മാഞ്ഞൂര്‍. എല്ലാ സ്ഥലങ്ങളും പോയിത്തീര്‍ക്കണമെങ്കില്‍ ജോലി രാജി വെക്കേണ്ടി വരുമെന്ന്തോന്നുന്നു !!!

    ReplyDelete
  27. മഞ്ഞൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അത്യാവശ്യമായി വായിച്ചിരിക്കേണ്ട പോസ്റ്റ് - ഫോൺ നമ്പർ തുടങ്ങിയ വിശദവിവരങ്ങളും പോസ്റ്റിന് അനുബന്ധമായി ചേർക്കാമായിരുന്നു. അടുത്ത ദിവസം മഞ്ഞൂരിൽ പോവാനിരിക്കുന്ന എനിക്ക് നല്ലൊരു റഫറൻസായി ഈ ലേഖനം

    ReplyDelete
  28. adutha trip evide thaneeee

    ReplyDelete
  29. മധുചേട്ടാ വളരെ അപ്രതീക്ഷിതമായാണ് ഞങ്ങൾ ആറുവർഷങ്ങൾക്ക് മുന്പ് മഞ്ഞൂരിലൂടെ ഊട്ടിയിലേക്ക് പോയത് .. മണ്ണാർകാട്ടുള്ള സുഹൃത്തിന്റെ ആന്റി അട്ടപ്പാടികോട്ടത്തറ ഡിസ്പെന്സറിയിൽ നഴ്സ് ആയിരുന്നു ..അവർ അവനോടു പറഞ്ഞത്രേ അവിടെ നിന്നും 30km ഉള്ളൂ ഊട്ടിയിലെക്കെന്നു ..എന്നാൽ പിന്നെ ഒന്ന് പോയികളയാം എന്ന് കരുതിയാണ് ഞങ്ങൾ മൂന്നു സുഹൃത്തുകൾ പെരിന്തൽമണ്ണയിൽ നിന്നും അട്ടപ്പാടി വഴി ഊട്ടിയിലേക്ക് പോകാൻ തീരുമാനിച്ചത് .. പക്ഷെ കോട്ടത്തറ എത്തിയപ്പോഴല്ലെ അരിഞ്ഞത് 90 കിമി ഉണ്ടെന്നു ..സുഹൃത്തിനെ കുറെ പ്രാകി ഞങ്ങൾ യാത്ര തുടർന്ന് .അനിർവർചനീയമായിരുന്നു ബൈക്കിലൂടെയുള്ള ആ യാത്ര ..പ്രകൃതിയുടെ ചൂടും ചൂരും അറിഞ്ഞു മുള്ളിയും ഹെയർ പിന് ബെന്ടുകളും പിന്നിട്ടുള്ള ആ യാത്ര ..മുൻപിൽ ഞങ്ങളും പ്രകൃതിയും മാത്രം .. മാഞ്ഞൂരിലെക്കെത്തുമ്പോൾ മേഘങ്ങൾക്ക് മുകളിലൂടെയാണ് ഞങ്ങൾ ബൈക്ക് ഓടിക്കുന്നതെന്ന് തോന്നിപ്പോവും ..അത്ര മാത്രം ഉയരത്തിലൂടെ ആയിരുന്നു ആ യാത്ര ..ഒരിക്കലും മറക്കാത്ത ആ യാത്രയെ ഒരിക്കൽ കൂടി ആഗ്രഹിച്ചു പോവുന്നു ..അടുത്ത വെക്കേഷനിൽ ബൈക്കിൽ തന്നെ പോകണം ..കാരണം മാഞ്ഞൂർ നമ്മളെ മനസ്സ്കൊണ്ട് വിളിക്കുന്നുണ്ട് ..

    ReplyDelete