Monday, April 13, 2015

പാപ്പിളി താച്ചിയമ്മൻ കോവിൽ ട്രെക്കിംഗ്

തമിഴ് നാട്ടിലെ പേര് കേട്ട ഹിൽ സ്റ്റേഷൻ ആയ കൊടൈക്കനാലിൽ നിന്നും നാൽപതു കിലോമീറ്റർ അകലത്തിൽ കിടക്കുന്ന ഒരു കാർഷിക ഗ്രാമമാണ് ഗുണ്ടുപെട്ടി. വാഹന സൗകര്യം വളരെ കുറവായത് കൊണ്ടും അധികം ആർക്കും അറിയാത്തത് കൊണ്ടും സഞ്ചാരികൾ വളരെ കുറവ് മാത്രം എത്തുന്ന ഒരിടം. ആധുനികതയുടെ കടന്നു കയറ്റം ഒട്ടും ഇല്ലാത്ത കാടും കൃഷിയിടങ്ങളും വന്യ മൃഗങ്ങളും ഉള്ള ഒരു തമിഴ്‌നാടൻ ഗ്രാമം. അവിടെ കുറെ കാടും കൃഷി സ്ഥലങ്ങളും  ഉള്ള ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ്  കഴിഞ്ഞ വിഷുക്കാലത്ത് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം  അവിടെ എത്തിപ്പെട്ടത് . അവിടത്തെ തണുത്തുറഞ്ഞ മലമുകളിൽ  ടെന്റുകൾ കെട്ടി, ഭക്ഷണം പാചകം ചെയ്തും,  മൊബൈലിൽ നിന്നും രക്ഷപെട്ടും കുറച്ചു ദിവസ്സങ്ങൾ ചിലവഴിക്കുന്നതിന്റെ ഇടയിലാണ് അവിടെ അടുത്തുള്ള പാപ്പിളി താച്ചിയമ്മൻ കോവിലിനെ കുറിച്ച് ഞങ്ങൾ അറിഞ്ഞത്.

യാത്രയുടെ തുടക്കം 


ഇവിടെ അടുത്ത് മലയുടെ മുകളിൽ ഒരു അമ്പലം  ഉണ്ട് എന്നും കുറച്ചു നടക്കാൻ തയ്യാറാണെങ്കിൽ ഒരു ആളെ വഴികാട്ടി ആയി വിടാമെന്നും ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ ആയ സൂസി ചേച്ചി പറഞ്ഞു. ചേച്ചി ഇതുവരെ പോയിട്ടില്ല എന്നും രാവിലെ പോയാൽ ഉച്ചക്ക് മുൻപേ മടങ്ങി എത്താം എന്നും കേട്ടപ്പോൾ ഒരു ചെറിയ യാത്ര ആണ് എന്നും കരുതി ഉടനെ സമ്മതം മൂളി. കാടിനെ ഒരു പാട് ഇഷ്ടമായത് കൊണ്ടും ഒപ്പം ഉള്ളവർ സാഹസികതയെ ഇഷ്ടപ്പെടുന്നവരും ഇടയ്ക്കു കാട്ടിൽ പോകുന്നവർ ആയതു കൊണ്ടും അവരോടു ചോദിക്കാതെ തന്നെ ചേച്ചി വഴി ഒരു ഗൈഡിനെയും ഏർപ്പെടുത്തി. അങ്ങിനെയാണ് മലയാളികൾ ഇതുവരെ പോയിട്ടുണ്ടാകാൻ ഒരു സാധ്യതും ഇല്ലാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലെ മല മുകളിലെ "പാപ്പിളി താച്ചിയമ്മൻ കോവിൽ" തേടി ഒരു സാഹസിക യാത്ര തുടങ്ങിയത്.



കൊടൈക്കനാലിൽ നിന്നും ഗുണ്ട് പെട്ടി എത്തുന്നതിനു ഏകദേശം മൂന്നു കിലോമീറ്റർ അകലത്തിൽ ആയി കൂക്കാൽ എന്ന ഒരു തടാകം ഉണ്ട്. മനോഹരം ആയ ഒരു ചെറിയ തടാകം,  ഏതു കാലാവസ്ഥയിലും വെള്ളം നിറഞ്ഞു കിടക്കുന്ന, സ്ഥിരം ആയി വന്യ മൃഗങ്ങൾ വെള്ളം കുടിക്കാൻ  വരുന്ന ആ തടാകത്തിന്റെ അടുത്ത് ഗൈഡ് കാത്തു നില്ക്കാം എന്നു പറഞ്ഞിരുന്നു. ഞങ്ങളുടെ വണ്ടി അവിടെ എത്തുമ്പോഴേക്കും ആൾ അവിടെ എത്തി ചേർന്നിരുന്നു. നല്ല ഉറച്ച ശരീരം ഉള്ള  ഒരു ചെറുപ്പക്കാരൻ. സെൽവൻ എന്നാണ് പേര്. ഒപ്പം ഭാര്യയുടെ അനുജനാണ് എന്നും പറഞ്ഞു മറ്റൊരാളെയും പരിചയപ്പെടുത്തി തന്നു.



സെൽവൻ പാപ്പിളി താച്ചിയമ്മൻ കൊവിലിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. ഇവിടത്തെ ഒരു മലമുകളിൽ ആണ് അമ്പലം. ഇരു വശത്തേക്കുമായി ഏകദേശം പന്ത്രണ്ടു കിലോമീറ്റർ നടക്കണം. കാട് മുഴുവൻ കോടമഞ്ഞ്‌ മൂടി കിടക്കുകയാണ് . വർഷത്തിൽ ഒരിക്കൽ , അതായതു തമിഴ് പുതുവർഷ ദിനത്തിൽ മാത്രമേ ആളുകൾ അങ്ങോട്ട്‌ പോകാറുള്ളൂ. അത് കൊണ്ട് തന്നെ കൃത്യമായ ഒരു വഴി ഇല്ല. പലയിടത്തും വഴി വെട്ടി പോകേണ്ടി വരും. പിന്നെ വന്യമൃഗങ്ങൾ ഉണ്ട്, കാട്ടുപോത്താണ് കൂടുതൽ.  എന്നെല്ലാം പറഞ്ഞു തന്നു. പിന്നെ എന്റെ അഞ്ചു വയസ്സുകാരൻ മകനെയും, എന്റെയും സുഹൃത്തിന്റെയും ഭാര്യമാരെയും കണ്ടപ്പോൾ  ഇവരെയും  കൊണ്ട് ഇത്രയും വഴി പോയി തിരിച്ചു വരിക ബുദ്ധി മുട്ടായിരിക്കും എന്നും കൂട്ടി ചേർത്തു.



കുട്ടിയേയും ഭാര്യമാരെയും കുറിച്ച് താങ്കൾ പേടിക്കേണ്ട എന്നും ഞങ്ങൾ ഇത്തരത്തിൽ കുറച്ചു യാത്രകൾ നടത്തിയിട്ടുണ്ട് എന്നും, കൊടൈക്കനാലിൽ വെറുതെ ടൂറു വന്നവർ അല്ല എന്നും, ഇന്നലെ രാത്രി മലമുകളിൽ ടെന്റിൽ ആണ് ഉറങ്ങിയത് എന്നും   എല്ലാം  പറഞ്ഞു ഞങ്ങളെ ഞങൾ തന്നെ പുകഴ്ത്തി പറഞ്ഞു സെൽവനെ ആശ്വസിപ്പിച്ചു. നിങ്ങൾ നടക്കാൻ തയ്യാറാണെങ്കിൽ ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് മകനെ ഞങ്ങൾ മാറി മാറി എടുത്തോളാം എന്നും സെൽവൻ അറിയിച്ചു. അതിന്റെ ആവശ്യം വരികയാണെങ്കിൽ പറയാമെന്നും പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി.


ആർക്കും മനസ്സിൽ ചെറിയ പേടി പോലും ഉണ്ടായിരുന്നില്ല. പ്രതീക്ഷിക്കാതെ കൊടൈക്കനാലിൽ കിട്ടിയ ഒരു ട്രെക്കിംഗ്. അതും ഒരു അപൂർവ സ്ഥലത്തേക്ക്. ഭയത്തോടെ പിന്മാറിയാൽ ഇനി ഇത്തരം ഒരു യാത്ര വീണ്ടും നടത്താൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു. ജീവിത്തിൽ ഒരിക്കലും മറക്കാത്ത അനുഭവവും ആയി ഞങ്ങൾ സുരക്ഷിതരായി മടങ്ങി എത്തും എന്നും മനസ്സിൽ പറഞ്ഞു നടപ്പ് തുടങ്ങി.


വെള്ളവും, ലഘു ഭക്ഷണവും,   കത്തികളും, വാക്കിംഗ് സ്റിക്കുകളും ആയി പച്ച പിടിച്ച മനോഹരമായ കൃഷി സ്ഥലങ്ങളിലൂടെ കുറച്ചു ദൂരം നടന്നു. പലയിടത്തും വിളവെടുപ്പിനു പാകം ആയ കാബേജു വളര്ന്നു നില്ക്കുന്നത് കണ്ടു. ഏകദേശം അരകിലോമീറ്റർ നടന്നപ്പോൾ തന്നെ കാട് തുടങ്ങി. നല്ല പച്ച വിരിച്ച, വെയിൽ അധികം കടന്നു വരാത്ത , തണുത്തുറഞ്ഞ കാട്. സെൽവൻ കത്തിയുമായി ആദ്യം നടന്നു. പിറകിൽ സെൽവന്റെ അളിയൻ, പിന്നെ ഞാനും ഭാര്യ ചിത്രയും മകൻ ആദിത്യനും, പിന്നെ സുഹൃത്തുക്കൾ ആയ ടോണിയും ഭാര്യ പ്രിയയും, രാജു ചേട്ടനും ശ്രീകാന്തും. ആകെ ഒമ്പത് പേർ ...വരി വരി ആയി ആ തണുപ്പും കാടും ആസ്വദിച്ചു  കാട്ടിലൂടെ നടന്നു.


Add caption


സുര്യൻ ഉദിച്ചിട്ട് കുറെ നേരം ആയിട്ടും വെളിച്ചം  ഒട്ടും തന്നെ കടന്നു വരാത്ത തരത്തിൽ ആയിരുന്നു പലയിടത്തും കാട്. കേരളത്തിലെ കാടുകളിലെ മരങ്ങളുമായി ഒട്ടും സാമ്യം ഇല്ലാത്ത ചെറുതും വളരെ വലുതും ആയ പേരറിയാത്ത മരങ്ങൾ ആയിരുന്നു നിറയെ. കോട മഞ്ഞു നിറഞ്ഞിരുന്നതിനാൽ വളരെ ചുരുങ്ങിയ ദൂരത്തേക്കു മാത്രമേ കാഴ്ച ഉണ്ടായിരുന്നുള്ളൂ. ഉണങ്ങിയ ഇലകൾ വഴി നിറയെ വീണു കിടക്കുന്നുണ്ടായിരുന്നു. പല മരങ്ങളുടെയും വേരുകൾ മണ്ണിൽ നിന്നും പുറത്തേക്കു നീണ്ടു കിടന്നിരുന്നു. അവക്കിടയിൽ ഇലകൾ മൂടി കിടക്കുന്നത് കൊണ്ട് നടക്കാൻ ഒട്ടും എളുപ്പം അല്ലായിരുന്നു. ചിലപ്പോൾ കാലെടുത്തു വെക്കുന്നത് ഇലകൾ മൂടി കിടക്കുന്ന ചെറിയ കുഴികളിലോ, മരവേരുകളുടെ ഇടയിലോ  ആണെങ്കിൽ വീണു കലോടിഞ്ഞോ മറ്റോ അപകടം ഉറപ്പായിരുന്നു. വാക്കിങ്ങ് സ്റിക്കുകളും അത് ഇല്ലാത്തവരുടെ കയ്യിൽ  കാടിന്റെ തുടക്കത്തിൽ നിന്നും  വെട്ടിയെടുത്ത കമ്പുകളും ഉണ്ടായിരുന്നു. അത് കൊണ്ട് ഓരോ  ചുവടും വെക്കുന്നതിനു മുൻപ് കുത്തി നോക്കി ചതിക്കുഴികൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആണ് നടന്നിരുന്നത്. അതിനാൽ സാധാരണ നടക്കുന്നതിന്റെ ഇരട്ടി സമയം എടുത്തായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ നടപ്പ്.



മകനെ കാട്ടിലെ സുരക്ഷിത പാതകളിൽ എല്ലാം നടത്തിപ്പിച്ചു. പല തവണ ചെറിയ ചെറിയ കാടുകൾ കയറിയ പരിചയം കാരണം അവൻ നടക്കാൻ ഒട്ടും മടി കാണിച്ചില്ല എന്നത് വളരെ ആശ്വാസകരം ആയ കാര്യം ആയിരുന്നു. നടക്കാൻ കഴിയാത്ത ഇടത്തും കുറെ നേരം നടക്കുമ്പോൾ ക്ഷീണം തോന്നുബോളും ഞാൻ അവനെ ചുമലിൽ ഏറ്റി നടന്നു. പതിനാറു കിലോഗ്രാം ഭാരം ചുമലിൽ ഏറ്റി വടിയും കുത്തി കാട്ടിലൂടെ നടക്കുന്നത് ആദ്യമായിട്ടായിരുന്നു തണുത്ത അന്തരീക്ഷത്തിൽ കാട്ടിലൂടെ മല കയറുന്നത് തികച്ചും രസകരം ആയ ഒരു അനുഭവം ആയി തോന്നി. എത്ര നടന്നിട്ടും കയറ്റം കയറിയിട്ടും ശരീരം ഒട്ടും വിയർക്കുന്നില്ല എന്നത് ഒരു പുതിയ അനുഭവം ആയിരുന്നു. വെള്ളം കുടിക്കുകയോ ഇടയിൽ വിശ്രമിക്കാൻ നില്ക്കുകയോ ചെയ്യാതെ  ആയിരുന്നു ഞങ്ങളുടെ സംഘത്തിന്റെ നടപ്പ്.


കാട്ടിലൂടെ ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പെട്ടെന്ന്  കാട്ടിലെ മരച്ചില്ലകൾ ഒടിയുന്ന ശബ്ദവും അത്ര പരിചിതമല്ലാത്ത മുരളിച്ചയും എന്തൊക്കെയോ  ഓടുന്ന ശബ്ദവും കേട്ട് എല്ലാവരും നടത്തം നിറുത്തി ഒരുമിച്ചു നിന്നു. ശബ്ദം ഒട്ടും ഉണ്ടാക്കാതെ ചുറ്റു വട്ടമെല്ലാം നോക്കി.കോട മഞ്ഞു   കാരണം അല്പം അകലേക്ക്‌ പോലും കാണാൻ വയ്യാ. കാട്ടിലേക്ക് പോയിട്ടുള്ള ചെറിയ പരിചയം മൂലം ശബ്ദം ഉണ്ടാക്കി കടന്നു പോയത് കാട്ടുപോത്താണോ എന്ന് മനസ്സിൽ ഒരു ശങ്ക തോന്നി. ഗൈഡ് സെൽവനോട് കാര്യം തിരക്കി. കാട്ടുപോത്താണ് എന്നും നമ്മളെയോ വേറെ വഴിയിലൂടെ  കാടു കയറി വരുന്ന  ആളുകളെയോ കണ്ട് പേടിച്ചതാകും അത് എന്ന് സെൽവൻ. കോവിലിലേക്ക് പോകുന്ന ആളുകൾക്ക് ആർക്കും അപകടം വരാതെ ദൈവം കാത്തു കൊള്ളുമെന്നും പേടി കൂടാതെ ഒപ്പം നടക്കാനും സെൽവൻ ഉപദേശിച്ചു. ഇത്രയും വർഷം ആയിട്ടും കോവിലിലേക്ക് പോയിട്ടുള്ള ഒരാളെയും മൃഗങ്ങൾ ആക്രമിച്ചിട്ടില്ല എന്നും സെൽവൻ പറഞ്ഞു.


അല്പം നടന്നപ്പോൾ കാട്ടുപോത്തുകൾ ചവിട്ടി തകർത്തു ഓടിയ സ്ഥലം കണ്ടു. ഒരു ചെറിയ നീർച്ചാൽ ആയിരുന്നു അവിടെ. നീർച്ചാലിലെ വെള്ളം കുടിക്കാൻ വന്ന അവ ഞങ്ങളുടെ ശബ്ദം കേട്ട് ഭയന്നോടിയതായാണ് ആ സ്ഥലം കണ്ടപ്പോൾ മനസ്സിലായത്‌. പലയിടത്തായി കുറെ കാല്പാടുകൾ. കുറച്ചു ചെറിയ കമ്പുകൾ മാത്രം  ഒടിഞ്ഞു കിടക്കുന്നു. ഒരെണ്ണം അല്ല മൂന്നിലധികം കാട്ടുപോത്തുകൾ ഉണ്ട് എന്ന് കാൽപാടുകൾ കണ്ടപ്പോൾ ബോധ്യം ആയി.


പാപ്പിളി താച്ചിയമ്മൻ കോവിൽ.
വഴി വെട്ടി വെട്ടി നടക്കേണ്ടി വരും എന്ന് സെൽവൻ പറഞ്ഞിരുന്നു എങ്കിലും അധികം ഒന്നും ചെയ്യേണ്ടി വന്നില്ല. പല സ്ഥലത്തും വഴിയിൽ ചാഞ്ഞു കിടക്കുന്ന ചെറിയ മരച്ചില്ലകളെ  കൈകൾ കൊണ്ട് വകഞ്ഞു മാറ്റി പോകാൻ പറ്റുമായിരുന്നു. കുറെ ദൂരം കൂടി പോയപ്പോൾ കുറെ ആളുകളുടെ ശബ്ദം കേട്ടു. നടന്നു ചെന്നത് അവരുടെ അടുത്തേക്ക് ആയിരുന്നു. സ്തീകളും പുരുഷന്മാരും അത്ര ചെറിയതല്ലാത്ത  കുട്ടികളും അവരോടൊപ്പം ഉണ്ടായിരുന്നു.ആണുങ്ങൾ മിക്കവാറും പേരും വെള്ള ഷർട്ടും മുണ്ടും ആണ് ധരിച്ചിരുന്നത്. സ്ത്രീകൾ സാരികളും.  ഞങ്ങളെ കണ്ടപ്പോൾ അവർ അത്ഭുതത്തോടെ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു. കേരളത്തിലെ കൊച്ചിയിൽ നിന്നാണ് വരുന്നത് എന്നും പറഞ്ഞു  അവരോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു. അവിടെയുള്ള ചെറിയ ഒരു നീർച്ചാലിൽ നിന്നും കൈയ്യിലുള്ള കലങ്ങളിലേക്ക് വെള്ളം നിറയ്ക്കുകയാണ് അവർ. ഈ വെള്ളവും ചുമന്നു കോവിലിൽ എത്തി നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ പൊങ്കാല ഇടുന്നത് പോലെ ഇട്ടു ആ പ്രസാദവും കഴിച്ചു വൈകുന്നേരത്തോടെ മാത്രമേ ഇവർ മലയിറങ്ങൂ എന്ന് സെൽവൻ പറഞ്ഞു തന്നു.



അങ്ങിനെ നടന്നു നടന്നു ഞങ്ങൾ ഒരു മലയുടെ മുകളിൽ എത്തി. അപ്പോഴാണ്‌  ഇത്രയും സമയത്തിന് ശേഷം സൂര്യനെ വ്യക്തമായി കാണുന്നത്. ചുറ്റുമുള്ള മലകൾ ഞങ്ങൾക്ക് താഴെ ആയിരുന്നു .ഞങ്ങൾ ഒരുപാട് ഉയരത്തിൽ എത്തി എന്ന് മനസ്സിലാക്കിയത് അപ്പോഴാണ്‌. ലക്ഷ്യ സ്ഥാനം എത്താറായോ എന്നറിയാനായി സെൽവനോട് ചോദിച്ചു.സെൽവൻ ഞങ്ങൾ നില്ക്കുന്ന മലയുടെ അറ്റം എന്ന് പറയാവുന്ന, അകലെ കിടക്കുന്ന അല്പം ഉയരത്തിലുള്ള ഒരു ചെറിയ മല കാട്ടി തന്നു. അതിന്റെ മുകളിൽ ആണ് അമ്പലം എന്നും കൂട്ടിച്ചേർത്തു. 


സൂഷിച്ചു നോക്കിയാൽ ആ മല മുകളിൽ മഞ്ഞിനിടയിലൂടെ എന്തോ നീങ്ങുന്നത്‌ പോലെ കാണാമെന്നും അമ്പലത്തിലേക്ക് കയറിയിറങ്ങുന്ന ആൾക്കാരാണ് അതെന്നും സെൽവൻ പറഞ്ഞു തന്നെങ്കിലും പല തവണ നോക്കിയപ്പോൾ ആണ് അത് ബോധ്യപ്പെട്ടത്. മലമുകളിലൂടെ വീണ്ടും നടപ്പ് തുടർന്നു. ഇതിനിടയിൽ മലയുടെ പലഭാഗങ്ങളിൽ നിന്നും ആളുകൾ കയറി വരുന്നുണ്ടായിരുന്നു. ചില സ്ത്രീകൾ വലിയ ഉണങ്ങിയ മരച്ചില്ലകളും കലങ്ങളും തലയിൽ ചുമന്നും കൊണ്ടായിരുന്നു വരവ്. വെള്ളം നിറച്ച കലങ്ങളും,  തടികളും പേറി കൊണ്ടുള്ള അവരുടെ നടപ്പ് കണ്ടപ്പോൾ മകനെയും ചുമലിലേറ്റി നടക്കുന്ന എന്റെ ബുദ്ധിമുട്ട് ഒന്നും അല്ല എന്ന് തോന്നി.


ഞങ്ങൾ നടക്കുന്ന മലയുടെ ഒരു വശം അഗാധമായ കൊക്ക ആയിരുന്നു. കോവിൽ സ്ഥിതി ചെയ്യുന്ന മലയുടെ മുകളിലേക്ക് കയറാൻ  മറ്റൊരു വഴിയും കണ്ടില്ല. വളരെ ശ്രദ്ധയോടെ വേണം ചിലയിടങ്ങളിൽ  നടക്കാൻ. സംസാരിച്ചു നടന്നു അല്പം ശ്രദ്ധ തെറ്റിയാൽ  എവിടെക്കാണ്‌ വീണു പോകുക എന്നറിയില്ല. ഉച്ചയായിട്ടും സൂര്യൻ കത്തി ജ്വലിച്ചിട്ടും കോട മഞ്ഞു ഒട്ടും മാറാത്തതിനാൽ മനോഹരമായ താഴ്വരയുടെ കാഴ്ചകൾ ഞങ്ങൾക്ക് നഷ്ടപ്പെടുകയാണ്എന്ന മറ്റൊരു സത്യവും ഞങ്ങൾ മനസ്സിലാക്കി.  


അവസാനം അമ്പലത്തിന്റെ അടിഭാഗത്ത്‌ എത്തി മുകളിലേക്ക് കയറാനുള്ള വഴി നോക്കിയപ്പോഴാണ് ഈ യാത്രയിൽ ആദ്യമായി ചെറിയ പേടി തോന്നിയത് . അഗാധമായ കൊക്കയുടെ അരുകിലൂടെ , ഒരു വലിയ പാറ കയറി വേണം മുകളിൽ എത്താൻ. പിടിച്ചു കയറാൻ ആകെ ഉള്ളത് അകലങ്ങളിൽ ആയി കുത്തി നിറുത്തിയിരിക്കുന്ന  കുറച്ചു ശൂലങ്ങൾ മാത്രം. അപകടം കൂടാതെ പിടിച്ചു കയറുന്നതിനു  ഒരു കയറു കെട്ടുകയോ പാറയിൽ പടികൾ ഉണ്ടാക്കുകയോ ഒന്നും ചെയ്യാതെ ചെരിഞ്ഞു കിടക്കുന്ന പാറയുടെ മുകളിലൂടെ യാതൊരു സുരക്ഷയും ഇല്ലാതെ കയറുക എന്നത് ശരിക്കും ഭയപ്പെടുത്തി. അവിടെ വന്ന ആളുകൾ ഒരു കൂസലും ഇല്ലാതെ പാറയിൽ ചവിട്ടി കയറി പോകുന്നത് കുറച്ചു നേരം കണ്ടു നിന്നു .  ഇവിടെ വരെ വന്നിട്ട് ഈ കാഴ്ച കൂടി കാണാതെ എങ്ങനെ പോകും എന്ന് വിചാരിച്ചു  ഒരു വിധത്തിൽ  ഓരോ ചുവടുവെപ്പും വളരെ സൂക്ഷിച്ചു വെച്ച് നടന്നു ഞങ്ങളും അമ്പലത്തിൽ എത്തി ചേർന്നു .


ഒരു ഒറ്റമുറി മാത്രം ഉള്ള ചെറിയ അമ്പലം. ഏകദേശം ഇരുന്നൂറോളം ആളുകൾ അവിടെ എത്തി ചേർന്നിട്ടുണ്ട്. ഒരു പൂജാരി എന്തൊക്കെയോ പൂജകൾ ചെയ്യുന്നുണ്ടായിരുന്നു. അമ്പലത്തിനു മുന്പിലായി വലുതും ചെറുതും ആയ കുറെ മണികൾ കെട്ടിയിട്ടിരുന്നു. പലരും അത് പ്രാർത്ഥനാപൂർവ്വം അടിച്ചു നോക്കുന്നുമുണ്ടായിരുന്നു. അവിടെ വന്ന ആളുകളെയെല്ലാം  ശ്രദ്ധിച്ചു നോക്കി. തമിഴ്നാട്ടിലെ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാർ ആയ ആളുകൾ ആയിരുന്നു അവർ. ഒരാളിൽ  പോലും ഒരു മൊബൈൽ ഫോണോ , ക്യാമറയോ നല്ല ബാഗുകളോ, വസ്ത്രങ്ങളോ ഒന്നും തന്നെ കണ്ടില്ല.  പലരും ചെരുപ്പ് പോലും ധരിച്ചിട്ടില്ലായിരുന്നു.


സ്ത്രീകൾ പലരും വലിയ കലത്തിൽ വെള്ളം തിളപ്പിച്ച്‌ തുടങ്ങിയിരുന്നു. ആണുങ്ങൾ തീ കത്തിക്കാനായി അവരെ വീശി കൊടുത്തു സഹായിക്കുന്നതും കണ്ടു .മഞ്ഞു വീണു തണുത്ത വിറകു കഷണങ്ങൾ കത്തിച്ചെടുക്കാൻ അവർ കുറെ പാട് പെടുന്നുണ്ടായിരുന്നു  അവരുണ്ടാക്കുന്ന പുകയും കോട മഞ്ഞും ചേർന്നപ്പോൾ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയി. ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ ഒന്നും പോലും ഭംഗി ഉള്ളതായി തോന്നിയില്ല. മഞ്ഞ് ക്യാമറയിലൂടെ കണ്ടപ്പോൾ വെളുത്ത കർട്ടൻ ഇട്ട പോലെ ആണ് തോന്നിയത്.  SLR  ക്യാമറകളും  വാക്കിംഗ് സ്റ്റിക്കും ഞങ്ങളെയും കണ്ടപ്പോൾ    പലരും എവിടെ നിന്നാണ് എന്ന് ചോദിച്ചു. ചോദിച്ചവരോടെല്ലാം കേരളത്തിൽ, കൊച്ചിയിൽ നിന്നാണ് എന്ന് പുഞ്ചിരിയോട്‌ കൂടി മറുപടി നല്കി. അപ്രതീക്ഷിതം ആയിട്ടാണെങ്കിലും ഇവിടെ എത്തി ചേർന്ന ആദ്യത്തെ അന്യനാട്ടുകാർ ഞങ്ങൾ ആയിരിക്കും എന്ന് തോന്നി.


അവിടെ വന്നവർ സാധാരണക്കാരിൽ സാധാരണക്കാർ ആണെന്ന് പറയാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഞങ്ങളുടെ കയ്യിലെ SLR ക്യാമറകൾ കണ്ടപ്പോൾ പലരും മുൻപോട്ടു വന്നു അവരുടെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. ഞാനും സുഹൃത്ത്‌ ശ്രീകാന്തും ഞങ്ങളുടെ കയ്യിലെ ക്യാമറകൾ ഉപയോഗിച്ച് അവരുടെ ഫോട്ടോകൾ എടുക്കുകയും അപ്പോൾ തന്നെ   അവരെ കാണിച്ചു കൊടുക്കുകയും ചെയ്തു . പലരും ഭാര്യയെയും മക്കളെയും എല്ലാം വിളിച്ചു കൊണ്ട് വന്നു ഫോട്ടോകൾ എടുപ്പിച്ചു. ചിലർ രണ്ടു മൂന്നു കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് വെച്ച് ഫോട്ടോ എടുക്കാൻ പറഞ്ഞു.ചിലര് ഒറ്റക്കും. എല്ലാവരും പറയുന്നത് ക്ഷമയോടെ കേട്ട്  ഞങ്ങൾ രണ്ടു പേരും അവരവരുടെ  ക്യാമറകളിൽ ചിത്രങ്ങൾ പകർത്തുകയും അത് അവരെ കാണിച്ചു കൊടുക്കുകയും ചെയ്തു.


ഓരോ ചിത്രങ്ങളും കാണുബോൾ ചിരിക്കുന്ന അവരുടെ മുഖം എന്ത് കൊണ്ടോ മനസ്സിൽ വേദനയാണ് ഉണ്ടാക്കിയത്. ഈ കാടുകൾക്കിടയിൽ എവിടെയോ താമസിക്കുന്ന പാവങ്ങൾ. ഈ ജീവിതത്തിൽ അവർ കണ്ടിട്ടുള്ള ഏക പട്ടണം ഒരു പക്ഷെ  കൊടൈക്കനാൽ ആയിരിക്കും. ആധുനികതയുടെ സൌകര്യങ്ങൾ ഒന്നും ഇല്ലാതെ, കുറഞ്ഞ കൂലിയിൽ ജോലി ചെയ്തും സ്വന്തമായി കൃഷി ചെയ്തും ജീവിക്കുന്ന  ഒരു കൂട്ടം ജനങ്ങൾ.


ഒരു വലിയ പാറയുടെ മുകളിലാണ് പാപ്പിളി താചിയമ്മൻ കോവിൽ നില കൊള്ളുന്നത്‌. മൂന്നു ഭാഗത്തും അഗാധമായ കൊക്കയാണ്.  ആളുകള് ഒരു ഭയവും കൂടാതെ കൊക്കയുടെ തുമ്പത്ത് പോയി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് തികച്ചും അത്ഭുതം നിറഞ്ഞ കാഴ്ച ആയിരുന്നു. ഈ സ്ഥലത്തിന്റെയും ചുറ്റുപാടുകളുടെയും ഭംഗി ആസ്വദിക്കണമെങ്കിൽ ചിലപ്പോൾ  കുറെ സമയം കാത്തിരിക്കേണ്ടി വരും എന്നും എപ്പോഴാണ് കോടമഞ്ഞ്‌ മാറുക എന്ന് അറിയാൻ പറ്റില്ല എന്നും സെൽവൻ പറഞ്ഞു. പിന്നീടു ഒരിക്കൽ വരികയാണെങ്കിൽ  ഒരു രാത്രി ഇവിടെ താമസിക്കാം എന്നും അല്ലെങ്കിൽ അപ്പുറത്തെ മലയിൽ  ഇരുപതോളം പേർക്ക് താമസിക്കാൻ പറ്റിയ ഗുഹ ഉണ്ടെന്നും വേണമെങ്കിൽ അവിടെയും താമസിക്കാം എന്നും സെൽവൻ. നട്ടുച്ചയ്ക്ക് പോലും തണുപ്പ് തോന്നിപ്പിക്കുന്ന ഈ മല മുകളിൽ രാത്രിയിലെ താമസം എങ്ങനെയായിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കി.


സെൽവനുമായി കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് ആൾ ഒരു "പുലി" ആണെന്ന് മനസ്സിലായത്‌. എനിക്ക് സെൽവനെ പരിചയപ്പെടുത്തി തന്ന സൂസി ചേച്ചി പറഞ്ഞത് അവരുടെ പള്ളിയിലെ ഒരു സഹായി ആണ് എന്നാണ്.   എന്നാൽ സെൽവൻ മുൻപ് ശരിക്കും ഒരു ഗൈഡ് തന്നെ  ആയിരുന്നു. കൊടൈക്കനാലിലെ എല്ലാ  മലകളും വഴികളും  അരച്ച് കലക്കി കുടിച്ച ഒരാൾ. ഗുണ്ട് പെട്ടിയിൽ നിന്നും കൊടൈക്കനാൽ മലയിറങ്ങി താഴെ പഴനി മലയുടെ ഏകദേശം അടുത്ത് എത്താനുള്ള വഴി അറിയാമെന്നും  സെൽവൻ പറഞ്ഞു തന്നു. അതെ പോലെ ആരും ചെരുപ്പ് ഉപയോഗിക്കാത്ത  കൊടൈക്കനാലിലെ വെള്ളഗവി എന്ന ഒരു പാട് പ്രതേകതകൾ ഉള്ള  ഗ്രാമത്തെ കുറിച്ചും, കൊക്കയിലേക്ക് തൊപ്പി വലിച്ചെറിഞ്ഞാൽ കാറ്റ് അത് തിരികെ കൊണ്ട് വന്നു തരുന്ന  HATS VALLEY യെക്കുറിച്ചും കൂടുതൽ കേട്ടറിഞ്ഞത് സെൽവനിൽ നിന്നാണ്.

കുറെ സമയം അവിടത്തെ ആളുകളെ കണ്ടും പ്രകൃതിയെ ആസ്വദിച്ചും, സുഹൃത്തുക്കളോട് സംസാരിച്ചും ഇരുന്നു. പിന്നെ മടക്ക യാത്ര തുടങ്ങി.  ഇനി ഒരിക്കലും വരാൻ സാധ്യത ഇല്ലാത്ത ഒരു സ്ഥലം, ഒരിക്കലും വീണ്ടും കണ്ടുമുട്ടാൻ സാധ്യത ഇല്ലാത്ത ആളുകൾ എല്ലാവരോടും മനസ്സിൽ വിട പറഞ്ഞു. സാധാരണ മടക്കയാത്ര തികച്ചും മടുപ്പ് ഉളവാക്കുന്ന, ക്ഷീണം തോന്നിപ്പിക്കുന്ന ഒന്നാണ്. പക്ഷെ ഇവിടെ തികച്ചും വ്യസ്തമായിരുന്നു. ഒരു ക്ഷീണവും ഇല്ല. വിയർപ്പില്ല. തണുപ്പ് പെയ്തിറങ്ങുന്ന അന്തരീക്ഷത്തിലൂടെ സുഖകരമായ നടപ്പ് തികച്ചും ആനന്ദകരം  ആയിരുന്നു. 


പ്രതീക്ഷിച്ചതിലും വേഗത്തിൽ ഞങ്ങൾ തിരികെ മല ഇറങ്ങി. നടത്തത്തിനു വേഗത കൂട്ടാനായി മകനെ എല്ലാവരും മാറി മാറി എടുത്തു. കയറി പോയ അതെ കാലാവസ്ഥ തന്നെ ആയിരുന്നു മടക്കയാത്രയിലും . മഞ്ഞും തണുപ്പും ചെറിയ ഇരുട്ടും മാത്രം. വന്യ മൃഗങ്ങളുടെ ശബ്ദങ്ങൾ ഒന്നും  കേൾക്കാതെ എവിടെയും തട്ടി വീഴാതെ സുരക്ഷിതരായി ഞങ്ങൾ കൂക്കാൽ തടാകത്തിന്റെ അരികിൽ മടങ്ങിയെത്തി. 


ജീവിതത്തിൽ ഇനി ഒരിക്കലും ആവർത്തിക്കാൻ  സാധ്യതയില്ലാത്തതും  മനോഹരവും അപൂർവവും ആയ ഒരു യാത്രക്ക്  ഞങ്ങളെ സഹായിച്ച സെൽവനും കൂട്ടാളിക്കും അവർ വിചാരിക്കാവുന്നതിനെക്കാൾ കൂടുതൽ  പണവും നന്ദിയും കൊടുത്തു ഞങ്ങൾ മടക്ക യാത്ര തുടങ്ങി. ..

8 comments:

  1. നമ്മൾ എന്നോ പരിചയ പെട്ടിരുന്നെങ്കിൽ,... എനിക്ക് ഈ ഭൂമിയിൽ ഞായറാഴ്ചകളിലെ ഈ യാത്രകൾ മാത്രം മതിയായിരുന്നു...

    ReplyDelete
    Replies
    1. റഫീക്ക് ...ഇനിയും ഒരു പാട് ഞായറാഴ്ചകൾ ബാക്കിയുണ്ട് ...തിരക്കൊഴിയുമ്പോൾ ഒരു യാത്രയിൽ നമ്മുക്ക് ഒത്തു ചേരാം ...എന്റെ നമ്പർ 9388926321

      Delete
  2. ഓരോ എഴുത്തിലും പുതിയ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന താങ്കള്‍ക്ക് ഭാവുകങ്ങള്‍ നേരട്ടെ. ഇനിയും മടിപിടിക്കാതെ എഴുതൂ. സ്നേഹം.

    ReplyDelete
  3. യാത്ര നന്നായി ആസ്വദിച്ചു എന്നത് എഴുത്തിലും ചിത്രങ്ങളിലും വ്യക്തം... നന്നായി എഴുതിട്ടോ... ആശംസകള്‍

    ReplyDelete
  4. മടിയനോട് എഴുതാന്‍ പറഞ്ഞിട്ട് ഇന്നെങ്കിലും തോന്നിയല്ലോ സന്തോഷം മാറിയ മടി തിരിച്ചു വരാതിരിക്കട്ടെ

    ReplyDelete
  5. പ്രതീക്ഷിക്കാതെ ഇത്ര നല്ലൊരു ട്രെക്ക് ചെയ്യാന്‍ പറ്റിയല്ലോ :)

    ReplyDelete