Sunday, August 25, 2013

പീണ്ടിമേട്‌ കുത്ത്

ആനയുടെ കുത്ത് കൊണ്ട് ചാവാൻ മടിയില്ലെങ്കിൽ ഒപ്പം വന്നാൽ ഒരു നല്ല സ്ഥലം കാണിച്ചു തരാം എന്ന് അടുത്ത സുഹൃത്തും, മുൻ പത്രപ്രവർത്തകനും ആയ ശരത് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ശങ്കിച്ച് പോയി. ആനയേയോ മരണത്തെയോ ഭയന്ന് ഒരു നല്ല യാത്ര നഷ്ടപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്നും  ഇനിയൊരിക്കലും ഉങ്ങനെ ഒരു യാത്ര കിട്ടിയില്ലെങ്കിലോ എന്നും  മനസ്സ് പറഞ്ഞപ്പോൾ സ്ഥലം ഏതെന്നു പോലും ചോദിക്കാതെ സമ്മതം മൂളി. അങ്ങിനെയാണ് എറണാകുളം ജില്ലയിലെ പൂയം കുട്ടി വനത്തിൽ ഒളിച്ചിരിക്കുന്ന പീണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര നടത്തിയത് .


കേരളത്തിൽ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു പാട് നല്ല വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും മുൻനിരയിൽ പെടുത്താവുന്ന ഒന്നാണ് പീണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടം. കൊടും വനത്തിനുള്ളിൽ ആയതുകൊണ്ടും ,അങ്ങോട്ടേക്ക് പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചിട്ടുള്ളത് കൊണ്ടും, വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കാരണം ഈ വെള്ളച്ചാട്ടം അവിടങ്ങളിലെ കുറച്ചു ആളുകൾക്കിടയിൽ മാത്രം ഒതുങ്ങി, പുറംലോകം അറിയാതെ കിടക്കുകയാണെന്നും  പോകുന്ന വഴിയിൽ ശരത്തിൽ നിന്നും കേട്ടറിഞ്ഞു.


എറണാകുളത്തു നിന്നും ഒരു ദിവസം രാവിലെ യാത്ര തുടങ്ങി. ഞാനടക്കം ആകെ അഞ്ചു പേർ. ആലുവ, പെരുമ്പാവൂർ, കോതമംഗലം വഴി തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മുൻപിലൂടെ സഞ്ചരിച്ചു കുട്ടമ്പുഴ എന്ന സ്ഥലത്തെത്തി. കുട്ടംപുഴയിലെ ഫോറെസ്റ്റ് ഓഫീസിൽ നിന്നും പെർമിഷൻ എടുത്തു വേണം പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകേണ്ടത്. അവിടെയുള്ള ഓഫീസിൽ ഞങ്ങൾ COCHIN ADVENTURE FOUNDATION എന്ന സാഹസിക സംഘടനയുടെ ഭാരവാഹികൾ ആണ് എന്നും ലോക വന ദിനത്തിന്റെ ഭാഗമായി പീണ്ടിമേട്‌ കുത്തിലേക്ക്‌ ഒരു സാഹസിക യാത്ര നടത്താൻ ഉദ്യേശിക്കുന്നുണ്ട് എന്നും അതിന്റെ ഒരു Trial Trek നടത്താനാണ്‌ ഇപ്പോൾ വന്നിരിക്കുന്നതെന്നും  പറഞ്ഞു. 


പീണ്ടിമേടിലേക്കുള്ള വഴിയിൽ ആനകളുടെ ശല്യം വളരെ കൂടുതൽ ആണ് എന്നും, അവിടത്തെ ഫോറെസ്റ്റ് വാച്ചർ  കഴിഞ്ഞ ആഴ്ച ഭാഗ്യം കൊണ്ട് മാത്രമാണ്  കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കടുത്ത വേനൽ ആയതിനാൽ മൃഗങ്ങൾ വെള്ളം തേടി ഉൾക്കാട്ടിൽ നിന്നും ഇറങ്ങുന്ന കാലം ആണെന്നും അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. അതുകൊണ്ട് തന്നെ ആരെയും അവിടേക്ക് വിടേണ്ട എന്നാണു തീരുമാനം എന്നും അദ്യേഹം കൂട്ടിച്ചേർത്തു. 


ആ മറുപടി ഞങ്ങൾ എല്ലാവരെയും നിരാശരാക്കി. ഇത്രയും വഴി സഞ്ചരിച്ചു വന്നത് വെറുതെയായോ എന്ന ശങ്ക മനസ്സിൽ. മുൻപ് ഞങ്ങൾ യാത്രകൾ നടത്തിയ യാത്രകളെ കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും എല്ലാം പറഞ്ഞു നോക്കി. അവസാനം പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകാൻ അദ്യേഹം അനുമതി  തന്നു... ഒരു നിബന്ധനയോടെ... ഈ Trail Trek ജീപ്പ് ഉപയോഗിച്ചു പോകണമെന്നും  അടുത്ത തവണ ഡി ഫ് ഓ യുടെ അനുമതിയോടെ അവിടേക്ക് നടന്നു പോകാമെന്നും പറഞ്ഞു.


മറ്റു മാർഗങ്ങൾ ഒന്നും ഞങ്ങൾക്ക് മുൻപിൽ ഇല്ലായിരുന്നു.  പോകുന്ന വഴിയിൽ  മുഴുവനും ഈറ്റക്കാടുകൾ ആണ് എന്നും കുറച്ചു ആളുകൾ മാത്രമായി നടന്നു പോകുന്നത് വളരെ അപകടമാണ് എന്നും,  അത് കൊണ്ട് കൂടിയാണ് നടന്നു പോകേണ്ട എന്ന് പറഞ്ഞത് എന്ന് അവർ വിശദീകരിച്ചു തന്നു . ഒരു വെള്ള പേപ്പറിൽ പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ ആണ് എന്നും ഈ യാത്ര അപകടം പിടിച്ചത് ആണ് എന്ന് ഞങ്ങൾക്ക് അറിയാം എന്നും ,  എന്ത് അപകടം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് മാത്രം ആണ് എന്നും എഴുതി കൊടുത്തു . ഒപ്പം ഞങ്ങളുടെയും ഒരു അടുത്ത ബന്ധുവിന്റെയും മൊബൈൽ നമ്പരും കൊടുത്തു. പിന്നെ അവിടെ നിന്നും ഫോണിൽ വിളിച്ചു വരുത്തി തന്ന ഒരു ജീപ്പിൽ ഒരു വാച്ചരെയും കൂട്ടി പീണ്ടിമേട്‌ കുത്തിലേക്ക്‌ യാത്ര തുടങ്ങി. കേരളത്തിലെ ഏറ്റവും അപകടകാരികൾ ആയ ആനകള ഉള്ള കാട്ടിലൂടെ  ഒരു യാത്ര...


കാടിനോട്‌ ചേർന്ന് കിടക്കുന്ന വളരെ ചെറിയ ഒരു ഗ്രാമമാണ് പൂയംകുട്ടി. മൂന്നോ നാലോ ചെറിയ കടകളും മറ്റും ഉള്ള ഈ ഗ്രാമത്തിലെ കവലയിൽ നിന്നാണ് ശരിക്കും പീണ്ടിമേട്‌ കുത്തിലേക്ക്‌ യാത്ര ആരംഭിക്കുന്നത്. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമെല്ലാം അവിടെ നിന്നും വാങ്ങി യാത്ര തുടങ്ങി. യാത്രയുടെ  തുടക്കത്തിൽ കുറച്ചു വീടുകൾ കണ്ടിരുന്നു. അത് പിന്നിട്ട് അല്പം കഴിഞ്ഞപ്പോൾ റോഡിൽ കോണ്‍ക്രീറ്റിന്റെ രണ്ടു തൂണുകൾക്കിടയിൽ കനമുള്ള ഇരുമ്പ് പൈപ്പ് കൊണ്ട് കമ്പിയിട്ട് താഴുകൊണ്ട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു.  വാച്ചർ ചേട്ടൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി കൈയിലിരുന്ന താക്കോൽ കൊണ്ട് താഴ് തുറന്നു. ഞങ്ങൾ അകത്തു കടന്നതിനു ശേഷം വീണ്ടും പഴയപടി ലോക്ക് ചെയ്തു. അനധികൃതമായി വണ്ടികൾ കടന്നു പോയി അപകടം ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ഒരു മുൻകരുതൽ ആയിരുന്നു അത് .


ജീപ്പിലിരുന്നു ആ കാനന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ശരത്  ആ  പുതിയ അറിവ് പങ്കു വെച്ചത്. ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു കാലത്ത് വളരെ പ്രശസ്ഥമായ രാജ പാതയിലൂടെ ആണ് എന്ന്. കൊച്ചിയിൽ നിന്നും തട്ടേക്കാട് - പൂയംകുട്ടി - മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. മുന്നാറിലെയും പരിസരങ്ങളിലെയും എല്ലാ കാർഷിക വിളകളും , എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ രാജാ പാത വഴിയായിരുന്നു. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഈ പാതയിലെ  കരിന്തിരി മലയിടിഞ്ഞ് റോഡ് നമാവശേഷമായി പോകുകയും, പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു നശിക്കുകയും ചെയ്തു. അങ്ങിനെയാണ്  മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായത്. . ഇതേ തുടന്നു  രാജഭരണകാലത്ത് തന്നെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1935 ൽ നേര്യമംഗലം പാലം പണിതതിനുശേഷം തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള ഈ രാജ പാത തീർത്തും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. 


ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന റോഡിന്റെ ഇരു വശത്തും നിറയെ ഈറ്റക്കാടുകൾ ആയിരുന്നു. അവയാകട്ടെ വളർന്നു വെട്ടാൻ പാകത്തിൽ ആയി എന്നറിയിക്കനായി റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്നു. അതുകൊണ്ടു തന്നെ  വളരെ പതുക്കെ ആയിരുന്നു ജീപ്പിന്റെ സഞ്ചാരം. ഈറ്റക്കാടുകൾക്കിടയിൽ ആന നില്ക്കുന്നുണ്ടോ എന്നറിയാൻ ഒട്ടും പറ്റുന്നില്ല. സ്പീഡിൽ ഓടിച്ചാൽ റോഡിലെ വളവിൽ നില്ക്കുന്ന ഏതെങ്കിലും ആനയെ ചെന്ന് മുട്ടുമോ എന്ന ഭയവും , പതുക്കെ ഓടിച്ചാൽ ഏതെങ്കിലും സൈഡിൽ നിന്നും ആന കയറിവരുമോ എന്ന ഭയവും എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. വഴിയിൽ പലയിടത്തും അധികം പഴക്കമില്ലാത്ത ആന പിണ്ടങ്ങൾ കാണുകയും ആനയുടെ മൂത്രത്തിന്റെ മണം മൂക്കിലേക്ക് വരികയും ചെയ്തപ്പോൾ ഏതു സമയവും ഒരു അപകടം ഉണ്ടാകും എന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.


വയനാട്ടിൽ നിന്നും മൈസൂരിലേക്ക് പോകുമ്പോഴോ, അതിരപിള്ളിയിൽ നിന്നും വാല്പ്പാറക്ക് പോകുമ്പോഴോ ഒക്കെ ആനകളെ പലരും കാണാറുണ്ട്. അവ പലപ്പോഴും വണ്ടിയുടെ ശബ്ദം കേട്ടാൽ വഴി മാറി പോകുകയാണ് പതിവ്. പക്ഷെ പൂയം കുട്ടിയിലെ ആനകൾ മാത്രം അങ്ങിനെ അല്ലെന്നും, അവയിൽ പലതും മനുഷ്യനെ ഒട്ടും പരിചയം ഇല്ലാത്തതാണെന്നും എതു തരത്തിൽ ആണ് അവ പെരുമാറുക എന്ന് ആർക്കും പറയാൻ പറ്റില്ല എന്നും ഡ്രൈവർ ചേട്ടൻ യാത്രക്കിടയിൽ പറഞ്ഞു. 


രണ്ടു വർഷം  മുൻപ് വെള്ളച്ചാട്ടത്തിൽ ആളുകളെ ഇറക്കി മടങ്ങി വരുമ്പോൾ റോഡിൽ നിന്നിരുന്ന ആന വഴി മാറി കൊടുക്കുകയും, വണ്ടി അടുത്ത് എത്താറായപ്പോൾ പെട്ടെന്ന് ഓടി വന്നു വണ്ടി കുത്തി മറച്ചിട്ട്‌  തന്നെ കൊല്ലാൻ ശ്രമിച്ച കഥ ഡ്രൈവർ ചേട്ടൻ പറഞ്ഞു തന്നപ്പോൾ അതിൽ ഒരു അവിസ്വശനീയതയും അനുഭവപ്പെട്ടില്ല. മറിഞ്ഞു വീണ ജീപ്പിൽ നിന്നും എടുത്തു ചാടി ആന കാണാതെ മറുഭാഗത്ത്‌ കൂടെ ഓടിയതിനാൽ മാത്രമാണ്  ഇപ്പോൾ ജീവിച്ചിരിക്കുന്നത്‌  എന്നുമുള്ള അനുഭവകഥ, ഇത്തരം യാത്രകളിൽ പല കാടുകളിൽ വെച്ച് പലരിൽ നിന്നും കേട്ടിട്ടുണ്ട്. ഉൾക്കാട്ടിലെ മനുഷ്യഗന്ധം എല്ക്കാത്ത ആനകൾ പലപ്പോഴും അങ്ങിനെയാണ്. ഏതു  തരത്തിൽ ആണ് പെരുമാറുക എന്ന്  അവയ്ക്ക് പോലും അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത് .


പൂയംകുട്ടിയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആണ് പീണ്ടിമേട്‌ കുത്തിലേക്ക്‌ എത്തിച്ചേരുക. റോഡ്‌ എന്നത് ജീപ്പുകൾക്കു മാത്രം  പോകാൻ പറ്റിയ തരത്തിൽ ഉള്ളവ ആയിരുന്നു. ഈ എഴുകിലോമീറ്റർ ദൂരവും ഏകദേശം ഒരേ കാഴ്ചകൾ ആണ് . ഇരു വശത്തും വളർന്നു നില്ക്കുന്ന ഈറ്റക്കാടുകൾ , അതിനിടയിൽ ഉയരത്തിലുള്ള പേരറിയാത്ത വലിയ മരങ്ങൾ . ചിലയിടങ്ങളിൽ  മാത്രം വളരെ  താഴെ കൂടി ഒഴുകുന്ന പ്രശസ്ഥമായ പൂയംകുട്ടി പുഴയുടെ ചില ഭാഗങ്ങൾ കാണാം.  കാണാം.


കുറച്ചു വർഷങ്ങൾക്കു മുൻപ്  പൂയംകുട്ടി പുഴയിൽ  ജല വൈദ്യുത പദ്ധതി നടപ്പാക്കാൻ സർക്കാരും, എതിർക്കാൻ ഒരുപാട് പരിതസ്ഥിതി പ്രവർത്തകരും ശ്രമിച്ചു. ഒടുവിൽ സൈലന്റ് വാലിയിലെ പോലെ പരിതസ്ടിതി പ്രവർത്തകർ ഇവിടെയും വിജയിച്ചു, കേന്ദ്ര സർക്കാർ ഈ പദ്ധതിയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. പൂയംകുട്ടിയിലും പരിസരങ്ങളിലും ഘട്ടം ഘട്ടം ആയി അഞ്ചോളം അണക്കെട്ടുകൾ ആണ് പ്ലാൻ ചെയ്തിരുന്നത് . അവ നടപ്പിലാക്കിയിരുന്നെങ്കിൽ ഏകദേശം 1 4 0 0 ഹെക്ടർ വനഭൂമി വെള്ളത്തിനടിയിൽ ആയി പോയേനെ.


അങ്ങിനെ അങ്ങിനെ പതുക്കെ പതുക്കെ ജീപ്പ് ഓടിച്ചു ഒടുവിൽ ഞങ്ങൾ പീണ്ടിമേട്‌ കുത്തിനടുത്തെത്തി. ജീപ്പ് നിറുത്തി അല്പദൂരം നടന്നാലേ വെള്ളചാട്ടത്തിനടുത്തു എത്തുകയുള്ളൂ. പോകുന്ന വഴിയിൽ വെള്ളചാട്ടത്തിനടുത്തായി വാട്ടർ അതോറിറ്റിയുടെ ആൾതാമസം ഇല്ലാത്ത ഒരു ഓഫീസ് കണ്ടു. അതിനു ചുറ്റും ആന വരാതിരിക്കാനായി വലിയ ആഴത്തിൽ ട്രെഞ്ചു കുഴിച്ചിരിക്കുകയായിരുന്നു. ആളുകൾക്ക് നടക്കാനായി ട്രെഞ്ചിനു കുറുകെ വീതി കുറഞ്ഞ ഇരുമ്പിന്റെ പലകയും ഇട്ടിട്ടുണ്ടായിരുന്നു. ആ ഓഫീസിന്റെ അടുത്തുള്ള ട്രെഞ്ചിന്റെ അരികിലൂടെ നടന്നു വെള്ളച്ചാട്ടത്തിനടുത്ത്‌ എത്തിച്ചേർന്നു .


കടുത്ത വേനലിന്റെ അവസാന കാലത്താണ് ഞങ്ങളുടെ ഈ യാത്ര എന്നതിനാൽ പൂയംകുട്ടി പുഴയിൽ വെള്ളം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടം വെറും ഒരു നീരൊഴൊക്കുമാത്രമായി തോന്നി. ഷൂസെല്ലാം ഊരി വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളിൽ ചെന്നു താഴേക്കു നോക്കി. അൽപ നേരം നോക്കിയപ്പോൾ തന്നെ തല കറങ്ങുന്നത് പോലെ തോന്നി. ഒന്ന് കാൽ വഴുതിയാൽ ചെന്ന് വീഴുന്നത് താഴത്തെ പാറകളുടെ മുകളിലെക്കയിരിക്കും. കുറച്ചു നേരം  വെള്ളച്ചാട്ടവും, അതിന്റെ അടിഭാഗവും, പുഴയും, പാറക്കൂട്ടങ്ങളും എല്ലാം നോക്കി നിന്നു .


വളരെ ഉയരം ഉള്ള ഒരു വെള്ളച്ചാട്ടം ആയിരുന്നു അത്. ഒരു പക്ഷെ അതിരപ്പിള്ളി വെള്ളചാട്ടത്തെക്കാൾ വലുത് ആയിരിക്കണം ഈ വെള്ളച്ചാട്ടം. പക്ഷെ വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് ഇറങ്ങാൻ ഒരു വഴിയും അവിടെ കണ്ടില്ല. വർഷങ്ങൾ ആയി ആരും ഇറങ്ങാതെ വഴികൾ എല്ലാം കാടുകയറി കിടക്കുകയായിരുന്നു. ഒരു കൊക്ക പോലെ തോന്നിച്ച, ആ അഗാധ ഗർത്തത്തിലേക്ക് വഴികൾ  വെട്ടി, കയറുകൾ ഉപയോഗിച്ച് താഴെ ഇറങ്ങി കയറി വരണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടി വരും. തികച്ചും അപകടകരവും ആണ് അത് . പിന്നെ ഉള്ള ഒരു മാർഗം വന്ന വഴിയിലൂടെ കുറെ ദൂരം സഞ്ചരിച്ചു എവിടെയെങ്കിലും വെച്ച് പുഴയിലേക്ക് ഇറങ്ങി , കരയിലും വെള്ളത്തിലും ആയി കുറെ നടന്നു  അടിയിൽ എത്തണം.ഇനി അതിനും കഴിയില്ല. ജീപ്പ് യാത്ര അല്ലതെ മറ്റൊന്നും പാടില്ല എന്ന്  ഫോറസ്റ്റ് ഓഫീസിൽ നിന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് . അത് തെറ്റിക്കുന്നത് ഞങളുടെ അടുത്ത യാത്രയേ ബാധിക്കും എന്നറിയാമായിരുന്നതിനാൽ ആ വഴിയും ചിന്തിച്ചില്ല. വെള്ളച്ചാട്ടത്തിന്റെ അടിഭാഗം കാണാനുള്ള ആഗ്രഹം ഈ യാത്രയിൽ നടക്കില്ല എന്ന് മുൻപേ അറിയാമായിരുന്നതിനാൽ അതിൽ ഒട്ടും നിരാശ തോന്നിയില്ല. വളരെ കുറച്ചു ആളുകൾ മാത്രം കണ്ടിട്ടുള്ള അധികം ആളുകൾക്ക് എത്തിപ്പെടാൻ പോലും പറ്റാത്ത ഇവിടം കാണാൻ സാധിച്ചത് തന്നെ ഒരു വലിയ കാര്യം ആയി തോന്നി.



വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുള്ള കാഴ്ചകൾ എല്ലാം മനോഹരം ആയിരുന്നു. വർഷങ്ങൾ ആയി വെള്ളം ഒഴുകി പാറകളിൽ രൂപപ്പെട്ട വലിയ കുഴികളും രൂപങ്ങളും ആയിരുന്നു അവിടത്തെ പ്രത്യേകത. വലിയ വലിയ പാറകൾക്കിടയിലൂടെയും കുഴികളിലൂടെയും  ഒഴുകിയാണ് വെള്ളം അടിയിൽ ചെന്ന് വീഴുന്നത്. പല കുഴികളും ഒരാള് ഇറങ്ങി നിന്നാൽ പോലും കാണാത്ത വലുപ്പത്തിൽ ഉള്ളവ ആയിരുന്നു. 


ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെയ്ത ചെറിയ ഒരു തടയണയുടെ അവശിഷ്ടങ്ങളും അവിടെ കണ്ടു. ചിലയിടങ്ങളിൽ പാറകളിൽ കമ്പികൾ അടിച്ചു കയറ്റി അതിൽ ചങ്ങല ഇട്ടു വെച്ചതിന്റെ ചില ഭാഗങ്ങളും അവിടെ കണ്ടു. മൃഗങ്ങൾ ഒരുപാട് വെള്ളം കുടിക്കാൻ വരുന്നതിന്റെ തെളിവായി പാറയുടെ പുറത്തെല്ലാം ആനയുടെ പിണ്ഡവും മറ്റു കാഷ്ടങ്ങളും കണ്ടു. അടുത്ത യാത്രയിൽ ടെന്റ് അടിച്ചു ഈ പാറയുടെ പുറത്തു കിടക്കാം എന്ന ആഗ്രഹം നടക്കില്ല എന്ന് അതോടെ ബോധ്യമായി. 


വസ്ത്രങ്ങൾ എല്ലാം മാറി കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി. കാട്ടിൽ നിന്നും ഒഴുകി വരുന്ന തെളിഞ്ഞ പരിശുദ്ധമായ വെള്ളം. നല്ല വെയിലത്തും പുഴയുടെ അടിഭാഗത്ത്‌ നല്ല തണുപ്പായിരുന്നു. ചിലയിടങ്ങളിൽ നല്ല ആഴവും ഉണ്ടായിരുന്നു. എല്ലാവരും നല്ല നീന്തലുകാർ ആയിരുന്നതിനാൽ ആരെയും പരസ്പരം ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ലാതെ മതി മറന്നു കുളിച്ചു, കളിച്ചും സമയം ചിലവഴിച്ചു.


കുളി കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു കുറെ നേരം കൂടി അവിടെ ചിലവഴിച്ചു.കാട്ടിനുള്ളിൽ ശുദ്ധവായുവും ശ്വസിച്ചു പേരറിയാത്ത കിളികളുടെ സംഗീതവും കേട്ട് വെറുതെ ഇരിക്കുന്നത് തന്നെ വളരെ രസകരം ആണ്. ഒരിക്കലും മടുപ്പ് തോന്നില്ല. പിന്നെ ഓരോ യാത്രകൾ  കഴിയുമ്പോൾ നമുക്ക് കിട്ടുന്ന ഊർജം  പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അടുത്ത യാത്രയിൽ ഈ വഴികൾ മുഴുവനും നടന്നു കയറാം എന്നും,  പിന്നെ തിരിച്ചു പോകുന്നത് മറ്റൊരു വഴിയിലൂടെ ചെറിയ മല കടന്നു ആദിവാസി കുടികളിലൂടെ ആകാം എന്നെല്ലാം വാച്ചര് ചേട്ടനും, ഡ്രൈവർ ചേട്ടനും ആയി കൂടി ആലോചിച്ചും ,  ചർച്ചകൾ നടത്തിയും ഒരു അവസാന തീരുമാനത്തിൽ ഞങ്ങൾ എത്തി ചേർന്നു.


ഈ വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടു കിലോമീറ്റർ പോയാൽ ഒരു ടണൽ ഉണ്ടെന്നും പൂയംകുട്ടി പദ്ധതിക്കുവേണ്ടി പണി തുടങ്ങിയ തുരങ്കം ആണ് അതെന്നും അത് കാണിച്ചു തരാം എന്നും വാച്ചർ ചേട്ടൻ പറഞ്ഞു. ഞങ്ങൾ ഭീകരമായ നാരകക്കാനം തുരങ്ക യാത്ര  അനുഭവിച്ചവർ ആയതിനാൽ ഇതും അനുഭവിച്ചറിയാം എന്നും പറഞ്ഞു ജീപ്പിൽ അങ്ങൊട്ട് പുറപ്പെട്ടു. അൽപ സമയത്തിനുള്ളിൽ അവിടെ എത്തി. ഇരുട്ട് പിടിച്ചു കിടക്കുന്ന ഒരു തുരങ്കത്തിന്റെ മുൻഭാഗം മാത്രം കണ്ടു. അതിലേക്കുള്ള വഴി മുഴുവൻ ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. ഒരു കണക്കിന് ചെളി ചാടിക്കടന്നു തുരങ്കത്തിന്റെ മുൻഭാഗത്ത്‌ എത്തി. ഉള്ളിലേക്ക് ടോർച്ചു അടിച്ചു നോക്കി. ആകെ ഇരുട്ട് മാത്രം. ഒന്നും കാണുന്നില്ല. ഉള്ളിലാണെങ്കിൽ നിറയെ ചെളിയും. ഒപ്പം അട്ടയുടെ കടിയും ചിലർക്ക് കിട്ടിത്തുടങ്ങി. അതോടെ തുരങ്കത്തോട് പെട്ടെന്ന് തന്നെ വിട പറയാൻ ഞങ്ങൾ നിർബന്ധിതരായി.


തിരിച്ചുള്ള  യാത്രയിൽ കുറച്ചു പോയിക്കഴിഞ്ഞു  വണ്ടി നിറുത്തി  ഡ്രൈവര് ഒരു നല്ല സ്ഥലം കാണിച്ചു തന്നു. പൂയംകുട്ടി പുഴ ശരിക്കും ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ വ്യൂ പോയിന്റ്‌ . താഴെ ഒരു കൊക്ക പോലെ തോന്നിക്കും. മോഹൻലാലിന്റെ "ശിക്കാർ" എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് പൂയംകുട്ടിയിലും പരിസരങ്ങളിലും ആണെന്നും , അതിലെ ഒരു സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത് ഞങ്ങൾ ഇപ്പോൾ നില്കുന്ന ഈ സ്ഥലത്താണെന്നും ആ ചേട്ടൻ പറഞ്ഞു തന്നു. കുറച്ചു സമയം അവിടെയും ചിലവഴിച്ചു.


വീണ്ടും വന്ന വഴികളിലൂടെ ഒരു മടക്ക യാത്ര. പുഴയും ഈറ്റക്കാടും, ജീപ്പും, ആനപ്പേടിയും എല്ലാം കൂടി ഒരു മടക്കയാത്ര. വഴിയിൽ തടസ്സമായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷിതരായി പൂയംകുട്ടിയിൽ എത്തി. ഡ്രൈവര് ചേട്ടനും , വാച്ചർ ചേട്ടനും അവർ വിചാരിച്ചതിനേക്കാൾ കൂടുതൽ പണവും കൊടുത്തു ഞങ്ങൾ തിരികെ കാറിൽ കയറി. 


അടുത്ത  ഒരു  യാത്രക്ക് സ്ഥലം കിട്ടിയ സന്തോഷത്തോടെ ഞങ്ങൾ പൂയംകുട്ടിയോടു അൽപ കാലത്തേക്ക് വിടപറഞ്ഞു. വീണ്ടും ഇവിടെ വരേണ്ടി വരും. ഒരു പാട് ആളുകളെയും നയിച്ച്‌ , ഈ ഈറ്റക്കാടുകളിലൂടെ ഞങ്ങളിൽ കുറച്ചുപേർ വീണ്ടും നടക്കും. ഈ യാത്ര പോലെ ആ യാത്രയും അപകടരഹിതമാകണേ എന്ന പ്രാർഥനയോടെ ഞങ്ങൾ മടങ്ങി. 



15 comments:

  1. സൂപ്പര്‍! കാണാത്ത ഓരോ ഇടങ്ങളും പരിചയപ്പെടുത്തി തന്നതിന് നന്ദി. മുന്നോട്ടുള്ള യാത്രക്ക് എല്ലാ ഭാവുകങ്ങളും.

    ReplyDelete
    Replies
    1. Pheonix Bird ..Thanks...

      കേരളം മുഴുവൻ കണ്ടു തീരാൻ ഈ ആയുസ്സ് മുഴുവൻ പോരാ. അത്രക്കും മനോഹരമായ, അറിയപ്പെടാത്ത സ്ഥലങ്ങൾ ഇനിയും ഒരു പാട് കാണാൻ ബാക്കിയുണ്ട് ...

      Delete
  2. യാത്രയുടെ ഓരോ ഘട്ടത്തിലും, അപ്രതീക്ഷിതമായ അപകടത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഒരു കേടു പാടും കൂടാതെ വനത്തിനു പുറത്തെത്തിയല്ലോ ഭാഗ്യവാന്‍ !!!.
    മാമ്മന്‍ ഇത് ട്രയല്‍ അല്ലേ? പിന്നീട് പോയ ട്രെക്ക് ലോഗ് കൂടി പ്രതീക്ഷിക്കുന്നു :)

    ReplyDelete
    Replies
    1. കൃഷ്ണകുമാർ ...
      ഈ യാത്രയിൽ പറഞ്ഞപോലെ അടുത്ത് തന്നെ അവിടേക്ക് ഞങളുടെ ടീം മുപ്പതോളം പേരുമായി ട്രെക്കിംഗ് നടത്തി. ജോലിയുടെ തിരക്ക് മൂലം എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. ഞങളുടെ ഈ യാത്രയേക്കാൾ രസകരമായിരുന്നു അതെന്നു പങ്കെടുത്തവർ പറഞ്ഞറിഞ്ഞു.

      Delete
  3. ഉഗ്രൻ! ഒരു പരാതിയേയുള്ളൂ... പോയപ്പോൾ ഒന്നു വിളിച്ചില്ലല്ലൊ മധുവേട്ടാ...

    "1935 ൽ നേര്യമംഗലം പാലം പണിതതിനുശേഷം തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള ഈ രാജ പാത തീർത്തും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്."
    ഒട്ടും വിശമിക്കേണ്ട.... സ്ഥലമെടുപ്പ് ഏതാണ്ട് പകുതി കഴിഞ്ഞു. അടുത്ത് തന്നെ ആ പഴയ റോഡ് പ്രൗഡിയോടെ തിരികെ വരും. ഈ ഒരു കാരണം കൊണ്ട് തന്നെ തട്ടേക്കാടും, കുട്ടമ്പുഴയിലും പരിസര പ്രദേശങ്ങളിലും എല്ലാം സ്ഥലത്തിനു തീവിലയായി. :)

    ----------
    അംജിത്ത് (ഓർമയുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു)

    ReplyDelete
    Replies
    1. അംജിത് ... ഓർമയുണ്ട് ...
      ഞങ്ങളുടെ യാത്രകൾ എല്ലാം പെട്ടെന്ന് തീരുമാനിക്കുന്നതാണ് ...പലപ്പോഴും യാത്രയുടെ തലേദിവസ്സം ആണ് യാത്രകൾ തീരുമാനിക്കുന്നത് . അത് കൊണ്ട് തന്നെ അധികം ആരെയും അറിയിക്കാൻ പറ്റാറില്ല. ഇനി ശ്രമിക്കാം ...

      Delete
  4. നല്ല ചിത്രങ്ങള്‍ , ഹൃദ്യമായ വിവരണം ...നന്ദി

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ നന്ദി ....

      Delete
  5. അങ്ങിനെ വീണ്ടു കാടിന്റെ ഉള്ളിലേക്ക് ഒരിക്കല്‍ കൂടി..
    ആസ്വദിച്ചു വായിച്ചു.. നല്ല ചിത്രങ്ങളും...
    ലോകത്തിലെ തന്നെ ഏറ്റവും നല്ല മഴകാടുകള്‍ ഉള്ള രാജ്യത്താണ് ഞാന്‍ നില്‍ക്കുന്നത് എന്നാല്‍ കാട്ടില്‍ പോകാന്‍ ഇന്നുവരെ ഒരു കൂട്ടുകിട്ടിയില്ല.

    ReplyDelete
    Replies
    1. ശ്രീജിത്ത്‌ ,

      നന്ദി ...കേരളം എന്ന ഇട്ടാവട്ടത്തിൽ കിടന്നു കളിക്കുന്ന എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു ...ഇന്ത്യക്ക് പുറത്തു ജീവിക്കുക എന്റെ ആഗ്രഹം ആയിരുന്നു .. അതിനി നടക്കില്ല ...കുട്ടികളും , പ്രായമായ മാതാപിതാക്കളും എല്ലാം കാരണം ....

      ജോലിയുടെ ഇടവേളകളിൽ ചെറിയ ചെറിയ യാത്രകൾ നടത്തിക്കൂടെ ? യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാളെ പോലും അവിടെ കണ്ടു കിട്ടിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല ...കുറേക്കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നമുക്കു ഓർക്കാൻ ഈ യാത്രകൾ മാത്രമേ ഉണ്ടാവുകയുള്ളൂ ...

      Delete
  6. പ്രിയ മധു ഏട്ടാ നിങ്ങൾ നമ്മളെ പോലുള്ള ഹതഭാഗികളെ ഒക്കെ കൊതുപ്പിച്ചു കൊല്ലും ..ഹൃദ്യമായ അവതരണം

    ReplyDelete
    Replies
    1. മഹേഷ്‌,
      ഹതഭാഗി എന്നൊന്നും പറയരുത് ... നാട്ടിൽ വരുമ്പോൾ ആർക്കും ചെയ്യാവുന്ന കാര്യങ്ങൾ ആണ് എന്റെ ഈ യാത്രകൾ എല്ലാം...വളരെ ചെറിയ യാത്രകൾ ... വളരെ കുറച്ചു മാത്രം പണച്ചിലവുള്ള യാത്രകൾ ആണ് എല്ലാം.യാത്രകളെ ഇഷ്ടപ്പെടുന്ന കുറെ സുഹൃത്തുക്കളെയും , അതിലേറെ യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കുടുംബത്തെയും കിട്ടിയത് കൊണ്ട് എനിക്ക് ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നു എന്ന് മാത്രം. പിന്നെ വയസ്സുകാലത്തെക്ക് വേണ്ടി ഒരു പാട് പണം കൂട്ടിവെച്ചു ഈ നല്ല കാലം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല ...ഫ്രീ ആകുമ്പോൾ വിളിക്കൂ ,...ഒരു നല്ല യാത്ര നമുക്ക് പ്ലാൻ ചെയ്യാം ...

      Delete
  7. ഒരു നല്ല യാത്രാനുഭവം ആയി..


    ഈ സംഘടനയെ (Cochin Adventure Foundation) കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് :)

    ReplyDelete
  8. https://www.facebook.com/groups/CochinAdventureFoundation/

    ReplyDelete
  9. Athimanoharam!! Ee kettitillatha vaayichittillatha kaadukaliloode nayichathinu orupaadu nanni.

    ReplyDelete