Friday, March 30, 2012

അനങ്ങന്‍ മല

ഒരു വര്‍ഷം മുന്‍പ് ഒറ്റപ്പാലത്തിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് റോഡരുകില്‍  എവിടെയോ നിന്നും   അടര്‍ന്നു വീണതാണ് എന്ന മട്ടില്‍ നില കൊള്ളുന്ന അനങ്ങന്‍ മലയുടെ ഒരു ഭാഗം കണ്ണില്‍ പെട്ടത് . എടുത്തു പറയക്കത്തക്ക വലിപ്പമോ ഭംഗിയോ തോന്നിപ്പിക്കാത്ത ഒരു ചെറിയ മലയായി മാത്രം തോന്നിയതിനാല്‍ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാന്‍ ശ്രമിച്ചതുമില്ല.


കുറച്ചു നാള്‍  കഴിഞ്ഞപ്പോള്‍  അനങ്ങന്‍ മല ഒരു എക്കോ ടൂറിസം സെന്റര്‍ ആക്കി  മാറ്റിയെന്നും, ഒരുപാട് ആളുകള്‍ അവിടേക്ക് വന്നു തുടങ്ങിയെന്നും അറിയാന്‍ കഴിഞ്ഞു .  മലയാളത്തിലെയും , തമിഴിലെയും കുറച്ചു ചിത്രങ്ങള്‍ അവിടെ ചിത്രീകരിച്ചിട്ടുണ്ട് എന്നും , സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നന്നായി അറിയപ്പെടുന്ന ഒരു സ്ഥലമാണ്  അനങ്ങന്‍ മല എന്നും കേട്ടറിഞ്ഞു. വെറും ഒരു ചെറിയ മലയായി തള്ളി കളയാന്‍ പറ്റിയ ഒരിടമല്ല അതെന്നും ഒരു പാട് കാഴ്ചകള്‍ അവിടെ കാണാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ അവിടേക്ക് ഒരു യാത്ര പോകണം എന്ന് മനസ്സ് പറഞ്ഞു . അങ്ങിനെ ഒരു ഞായറാഴ്ച രണ്ടു സുഹൃത്തുക്കളെയും കൂട്ടി അനങ്ങന്‍ മലയിലേക്കു ഒരു യാത്ര പുറപ്പെട്ടു.



തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരി - ഷോര്‍ണൂര്‍ വഴി ബസ്സില്‍ ഒറ്റപ്പാലം ബസ്‌ സ്റ്റാന്‍ഡില്‍ എത്തി വഴി ചോദിച്ചു.ഒറ്റപ്പാലത്ത് നിന്നും ചെര്‍പ്പുളശ്ശേരി പോകുന്ന വഴിയില്‍ ഏകദേശം പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന കോതക്കുറിശ്ശിയില്‍ ഇറങ്ങുകയാണ് നല്ലത് എന്നും അല്ലെങ്കില്‍ വെള്ളവും ഭക്ഷണവും കിട്ടാന്‍ ബുദ്ധി മുട്ടാകും എന്ന് ഒരാള്‍ പറഞ്ഞു തന്നു. മുപ്പത്തി അഞ്ചു രൂപ കൊടുത്താല്‍ അവിടെ നിന്നും അനങ്ങന്‍ മലയുടെ അടിവാരം വരെ ഓട്ടോ റിക്ഷകള്‍ കിട്ടും എന്നും , അല്ലെങ്കില്‍ അല്‍പ നേരം കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ അവിടെക്കുള്ള ബസ്സും കിട്ടും എന്നും അയാള്‍ വിശദീകരിച്ചു തന്നു.. എക്കോ ടൂറിസം സെന്റര്‍ ആയതിനാല്‍ അവിടെ എല്ലാം കിട്ടും എന്ന് കരുതി വെറും കയ്യോടെ വന്ന ഞങ്ങള്‍ക്ക് അയാളുടെ വാക്കുകള്‍വളരെ വിലപ്പെട്ടതായി മാറി



ഒന്നോ രണ്ടോ ചെറിയ ഹോട്ടലുകളും കുറച്ചു മറ്റു കടകളും ഉള്ള  കോതക്കുറിശ്ശിയില്‍ ബസ്സിറങ്ങി. നാട്ടിന്‍ പുറത്തെ ഹോട്ടലുകളില്‍ കാര്യമായി ഒന്ന് കഴിക്കാന്‍ കിട്ടില്ല എന്നറിയാവുന്നതു കൊണ്ട് കിട്ടിയത് വാരി വലിച്ചു കഴിച്ചു. ഒരു നേരത്തേക്കുള്ള ഭക്ഷണവും വെള്ളവും ബാഗിലും ആക്കി ഞങ്ങള്‍ ഒരു ഓട്ടോയില്‍ അനങ്ങള്‍ മലയുടെ അടിവാരത്തില്‍ ചെന്നെത്തി.മലയുടെ അടിവാരത്തില്‍ തന്നെയുള്ള ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും പത്തു രൂപയുടെ മൂന്നു ടിക്കറ്റും വാങ്ങി അനങ്ങന്‍ മല കയറാന്‍ തുടങ്ങി. ആ മലയില്‍ ഞങ്ങള്‍ക്കായി പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന കാണാകാഴ്ചകള്‍ തേടി ..



പാറകളില്‍ കൊത്തിയുണ്ടാക്കിയ  പടികളിലൂടെ അല്പം  നടന്നു  കയറിയപ്പോള്‍ തന്നെ അനങ്ങന്‍ മല നല്ല ഉയരത്തിലുള്ള ഒരു മലയാണ് എന്നും കീഴടക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വരും എന്നും ബോധ്യമായി.  ഏകദേശം ഇരുന്നൂറു മീറ്റര്‍ കയറിയപ്പോള്‍ ആ പടികളെല്ലാം അവസാനിച്ചു.  കമ്പി വേലികള്‍ കെട്ടി സുരക്ഷിതമാക്കിയ അവിടം വരെ മാത്രമേ കുടുംബവുമായി വരുന്നവര്‍ പോകാറുള്ളൂ എന്ന് അവിടെയുള്ള ആളുകളെ കണ്ടപ്പോള്‍ ബോധ്യമായി. സ്ത്രീകളും കുട്ടികളും അടക്കം കുറെ കുടുംബങ്ങള്‍ അവിടെ കാറ്റും കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അനങ്ങന്‍ മല  എന്ന   എക്കോ ടൂറിസം സെന്റെരിനായി ഗവര്‍ന്മെന്റ് ഒന്നും ചെയ്തിട്ടില്ല  എന്നും  വെറുതെ ഒരു ടിക്കെറ്റ് കൌണ്ടറും കുറച്ചു ചവിട്ടു പടികളും മാത്രമേ അവിടെ ഉണ്ടാക്കിയിട്ടുള്ളൂ  എന്നും  അവിടം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിപ്പോയി 



അരയന്നങ്ങളുടെ വീട് ,ആറാം തമ്പുരാന്‍ ,  മുത്തു, സ്വാമി തുടങ്ങിയ  സിനിമകളിലെ   ചില ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്തിട്ടുള്ള  അനങ്ങന്‍  മലയില്‍ നിന്നും നോക്കിയാല്‍  പാലക്കാടന്‍ ഗ്രാമ്യഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ കഴിയും. പച്ചവിരിച്ച് നില്‍ക്കുന്ന നെല്പാടങ്ങളും അതിന്റെ ഇടയിലൂടെ ഒരു പാമ്പിനെപോലെ ചുറ്റി വളഞ്ഞു വരുന്ന റോഡും , നീണ്ടു കിടക്കുന്ന  പാലവും എല്ലാം ഒരു സുന്ദര കാഴ്ച തന്നെ ആയിരുന്നു.

 പണ്ട് രാമ രാവണ യുദ്ധം നടന്നപ്പോള്‍ വിഷ അമ്പു കൊണ്ട ലക്ഷ്മണനെ രക്ഷിക്കാനായി മുനിമാര്‍ ഹനുമാനോട് മൃതസഞ്ജീവനി കൊണ്ട് വരാന്‍ പറഞ്ഞത്രേ . ഹനുമാന്‍ മൃതസഞ്ജീവനി തേടി അനങ്ങന്‍ മലയില്‍ എത്തി എന്നാണു പുരാണം .  അവിടെ നിറഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍ക്കിടയില്‍ നിന്നും മൃതസഞ്ജീവനി കണ്ടു പിടിക്കാന്‍ കഴിയാതെ നിരാശനായി ആ മല മൊത്തം എടുത്തു കൊണ്ടുപോകാന്‍ ഹനുമാന്‍  ശ്രമിച്ചത്രേ . പക്ഷെ ആ  മല ഒട്ടും അനങ്ങിയില്ല . അങ്ങിനെ കോപാകുലനും നിരാശനുമായ ഹനുമാന്‍ ആ മലയെ  അടിക്കുകയും " അനങ്ങന്‍ മല " എന്ന് വിളിക്കുകയും ചെയ്തുവത്രേ .. അങ്ങിനെയാണ് ഈ മലക്ക് അനങ്ങന്‍ മല എന്ന് പേര് വന്നത് 


അല്‍പനേരം ആ കാഴ്ചകളും കാറ്റും കൊണ്ട് നിന്ന ശേഷം ഞങ്ങള്‍ അനങ്ങള്‍ മല യാത്രയിലെ യഥാര്‍ത്ഥ മല കയറ്റം തുടങ്ങി.  അനങ്ങന്‍  മല എന്ന പേരിനു പകരം  അനങ്ങന്‍  പാറ എന്ന പേരാണ് ഈ സ്ഥലത്തിനു ചേരുക എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വലിയ പാറകള്‍ കയറിയാലേ  അനങ്ങന്‍  മലയുടെ മുകളിലെത്തുകയുള്ളൂ . നടന്നു കയറാന്‍ പാകത്തില്‍ ചെരിഞ്ഞു കിടക്കുന്ന ഈ പാറകളില്‍ ,  മഴക്കാലം മുഴുവനായി മാറിയിട്ടില്ലാത്തതിനാല്‍ ചെറിയ വഴുക്കലും ഉണ്ടായിരുന്നു . കാലുകള്‍ പാറയില്‍ അമര്‍ത്തി ചവിട്ടി വളരെ ശ്രദ്ധയോടെ ഓരോ ചുവടും വെച്ച് നടന്നു കയറി. 


ചിലയിടങ്ങളില്‍ കാലുകള്‍ പോരാഞ്ഞു കൈകള്‍ കൂടി വേണ്ടി വന്നു മലകയറാന്‍ . പലയിടത്തും നാല്‍ക്കാലികളെ പോലെയായിരുന്നു മല കയറ്റം. പുറത്തു ബാഗും തൂക്കിയിട്ടു ഭാരത്തോടെ മല കയറുന്നത്  ശരിക്കും ബുദ്ധിമുട്ടായിരുന്നു. ഉച്ചത്തില്‍ ഇടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തെ ശ്രദ്ധിക്കാതെ മല കയറ്റം തുടങ്ങി .


ചിലയിടങ്ങളില്‍ പാറകള്‍ക്ക് പകരം ഒരാളുടെ വലിപ്പത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് . കൃത്യമായി വഴിയൊന്നും കാണാത്തതുകൊണ്ട് പലയിടങ്ങളിലും പുല്ലുകളെ വകഞ്ഞു മാറ്റിയായിരുന്നു ഞങ്ങളുടെ യാത്ര.  ഈ മലയില്‍ എവിടെയോ പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് കുഴിച്ച ഒരു ആഴമേറിയ കിണര്‍ ഉണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. ആ കിണര്‍ ഈ പുല്ലുകള്‍ക്കിടയില്‍ മറിഞ്ഞിരിക്കുന്നുണ്ടാവുമോ എന്ന ആശങ്കയും പുല്ലുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍  മനസ്സില്‍ നിറഞ്ഞിരുന്നു. 


ഓരോ  ചുവടിലും അപകടം പതിയിരിക്കുന്നുണ്ടാവും എന്ന തിരിച്ചറിവോടെയുള്ള യാത്ര തികച്ചും ആസ്വദിച്ചു. ഇനി ഒരു മലയെപോലും നേരില്‍ കണ്ടു അനുഭവിക്കാതെ ചെറിയ മലയായി കാണില്ലെന്നും മലകയറ്റത്തിനുള്ള സാധനങ്ങള്‍ ഇല്ലാതെ ഇനി ഒരു മല പോലും കയറില്ലെന്നും ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു.


അങ്ങിനെ കുറെ നേരം മല കയറിയും കുറച്ചു നേരം വിശ്രമിച്ചും ഒടുവില്‍ അനങ്ങാന്‍ മലയുടെ ഏറ്റവും  മുകളില്‍ ഞങ്ങള്‍  എത്തി ചേര്‍ന്നു. ശരീരത്തില്‍ പലയിടത്തും ചോര പൊടിയുന്നുണ്ടായിരുന്നു.  ഒപ്പം നല്ല നീറ്റലും അനുഭവപ്പെട്ടു .  പുല്ലുകള്‍ക്കിടയിടെ ചില മുള്‍ ചെടികളും, വഴിയില്‍ പാറയില്‍ ഒരിടത്ത്  കാലിടറി നിരങ്ങി വീണതും കാരണമായിരുന്നു ഈ ചോര പൊടിയല്‍ .


മലയുടെ മുകളില്‍ ഞങ്ങള്‍ ചെന്നെത്തിയ ഭാഗത്ത് മരങ്ങള്‍  വളരെ കുറവായിരുന്നു . അകലെ താഴെ പച്ച വിരിച്ച പാടങ്ങള്‍ മാത്രം കണ്ടു .  മലയുടെ മുകളിലൂടെ വീണ്ടും  കുറച്ചു നേരം നടപ്പോഴാണ്  നല്ല   മരത്തണല്‍ കിട്ടിയത് . ബാഗെല്ലാം വലിച്ചെറിഞ്ഞു ഒരു മരച്ചുവട്ടില്‍ , ആ  പാലക്കാടന്‍ കാറ്റും ആസ്വദിച്ചു കണ്ണുകള്‍ അടച്ചു കുറെ നേരം കിടന്നു.



കണ്ണിനു കുളിര്‍മയേറുന്ന കാഴ്ചകള്‍ മാത്രമായ ആ അനങ്ങാന്‍  മലയിലെ  സുന്ദര കാഴ്ചകള്‍ കണ്ടു നില്‍ക്കുന്നതിനിടയില്‍  ഒരു വെള്ളിടി പോലെ മനസ്സില്‍ ആ ചോദ്യം നിറഞ്ഞു വന്നു "കയറാന്‍ ഇത്രയും ബുദ്ധിമുട്ടാണെങ്കില്‍ എങ്ങനെ തിരിച്ചിറങ്ങും ? കയ്യും കാലും ഉപയോഗിച്ചു മല കയറുന്നത്  പോലെ തിരിച്ചു ഇറങ്ങാനാവില്ലല്ലോ?"  ഒന്ന് കാലിടറിയാല്‍ ഏറ്റവും താഴെ ചെന്നെ നില്‍ക്കൂ എന്ന സത്യം മനസ്സിലാക്കിയപ്പോള്‍ അത്രയും നേരം ഉണ്ടായ മല കീഴടക്കിയ ആവേശം എല്ലാ ഒരു മിച്ചു നഷ്ടപ്പെടുന്നത് പോലെ തോന്നി .


വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു മലയിറങ്ങാന്‍ .കയറി വന്ന വഴി ഏതാണെന്ന് പോലും മനസ്സിലാകുന്നില്ല. താഴെ കുടുംബവുമായി കാറ്റ് കൊണ്ടിരിക്കുന്ന ആളുകളെ ചെറിയ ഒരു പൊട്ടു പോലെ കാണാം .അവരെ ഒരു അടയാളം ആക്കി മലയിറങ്ങാന്‍ തുടങ്ങി.  മലകള്‍ കയറി അധികം പരിചയം ഇല്ലാത്ത  മറ്റു രണ്ടു കൂട്ടുകാരോടും മലയുടെ അടിവാരത്തിലേക്ക് നോക്കാതെ  സ്വന്തം കാലിനടിയിലെ പാറയെ മാത്രം നോക്കി പതുക്കെ ചുവടുകള്‍ വെച്ചു മലയിറങ്ങാന്‍ പറഞ്ഞു ഞാന്‍ ആദ്യം മലയിറങ്ങി.  ഓരോ അമ്പതു മീറ്റര്‍ അകലത്തില്‍ ആയിരുന്നു ഓരോരുത്തരും മലയിറങ്ങി കൊണ്ടിരുന്നത്  . ഒരുമിച്ചു മലയിറങ്ങിയാല്‍ ഒരാളുടെ  കാലിടറിയാല്‍   മറ്റെല്ലാവരും ചിലപ്പോള്‍ ഒരു മിച്ചു വീഴും എന്നുള്ളത് കൊണ്ടാണ് ഇടവിട്ട്‌ ഇടവിട്ട്‌ ഓരോരുത്തരായി മലയിറങ്ങിയത് .  ഇടയ്ക്കു ചിലയിടങ്ങളില്‍ ഫോട്ടോയെടുക്കാന്‍ മാത്രം ഒത്തു ചേരും പിന്നെയും ചെറിയ അകലത്തിലായി മലയിറങ്ങും.


അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ മൂവര്‍ സംഘം കാര്യമായ പരിക്കുകള്‍ ഇല്ലാതെ താഴെ എത്തി.  ഒരു പുനര്‍ജ്ജന്മം കിട്ടിയ പ്രതീതിയായിരുന്നു എല്ലാവരുടെയും മനസ്സില്‍ .  തിരികെ നടക്കുമ്പോള്‍ അവിടെ ട്രെക്കിംഗ് നടത്താന്‍  ഗൈഡിന്റെ സേവനം ലഭ്യമാണ് എന്ന ബോര്‍ഡു കണ്ടു . അവിടെ കയറി  വിവരങ്ങള്‍ തിരക്കി. ഞങ്ങള്‍ കയറിയ അനങ്ങന്‍ മലയുടെ ഒരു വശത്ത്‌ നിന്നും കയറി ഏഴ് കിലോമീറ്ററോളം നടന്നു മറുവശത്ത്‌ മറ്റൊരു സ്ഥലത്ത്  മലയിറങ്ങുന്ന തരത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍കുന്ന തരത്തില്‍ ട്രെക്കിംഗ് നടത്തി തരാമെന്നു അവര്‍ അറിയിച്ചു. 


ടിക്കറ്റ്‌ കൌണ്ടറിനു എതിര്‍ വശത്ത്‌ ആയി ഒഴുകുന്ന ചെറിയ ഒരു വെള്ളച്ചാട്ടത്തില്‍ നല്ല ഒരു കുളിയും നടത്തി  വൈകുന്നേരത്തോടെ ഞങ്ങള്‍ മടങ്ങി . കുറെ നല്ല ഓര്‍മകള്‍ തന്ന,  ഈ നല്ല ജീവിതം നീട്ടിതന്ന അനങ്ങന്‍ മലക്ക്  നന്ദിയും പറഞ്ഞു കൊണ്ട്  ഞങ്ങള്‍ യാത്രയായി ...  ഒരു പാട്  ഭയപ്പെടുത്തി എങ്കിലും   ഈ അനങ്ങള്‍ ചങ്ങാതിയെ കാണാന്‍ വീണ്ടും വരുമെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ..... 

29 comments:

  1. ഈ പരിചയപ്പെടുത്തല്‍ നന്നായി.ചില ഫോട്ടോകള്‍ ഒന്നാന്തരമായി.

    ReplyDelete
  2. പ്രിയപ്പെട്ട മധു മാമന്‍, ഞാന്‍ പാഞ്ചാലിമേട്ടില്‍ പോയിരുന്നു. അതിന്റെ ലിങ്ക് ഇതാ.താങ്കളുടെ വിവരണങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.ഇതില്‍ എന്തെങ്കിലും ഉപകാരപ്പെട്ടാല്‍ ഞാന്‍ ധന്യനായി.
    സ്നേഹത്തോടെ സുമേഷ്

    ഇടുക്കിക്കിടയിലൂടെ ഒരു ദിവസം
    http://www.nazhika.blogspot.in/search?updated-max=2012-03-24T22:14:00-07:00

    ReplyDelete
    Replies
    1. ശ്യാം സുകുമാര്‍ /ചുങ്കന്‍)))))
      നമുക്ക് ഒരുമിച്ചു ഒരു യാത്ര പോകണ്ടേ ?

      Delete
  3. എന്‍റെ കമന്‍റ് എവിടെപ്പോയി?

    ReplyDelete
    Replies
    1. vettathan

      താങ്കളുടെ കമന്റ്‌ SPAM FOLDER റില്‍ ഉണ്ടായിരുന്നു . ഞാനത് തിരികെ ഇട്ടിടുണ്ട്. നന്ദി ...ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ....

      Delete
  4. Puthiya sthalngal parijayappeduthiyathinu thanks.eniyum kooduthal kooduthal pratheekshikkunnu

    ReplyDelete
    Replies
    1. Eden valley resort,
      ഞാന്‍ നിങ്ങള്‍ തന്ന ലാന്‍ഡ്‌ ഫോണ്‍ നമ്പരില്‍ കുറെ വിളിച്ചു ... ആരും ഫോണ്‍ എടുക്കുന്നില്ല .... മൊബൈല്‍ ഫോണ്‍ നമ്പര്‍ തരാമോ ?
      ഒരു ദിവസം താങ്കളുടെ റിസോര്‍ട്ടിലേക്ക് വരണം എന്നുണ്ട് ....

      Delete
    2. eden valley patti yulla commentu kandu...
      There is a place called 'cheppara' in poomala...ee paranja resortinte aduthanu.... mannuthiyil ninnu oru 20-24km kaanum...vallya sambhavam onnumalla...pakshe oru sunday evening spend cheyyanullla vaguppundu...both cheppara and poomala dam...poyitllel oru divasam pogavunnathanu

      Delete
  5. ഹൊ..! ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്..അവിടെ നിങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍ മുഴുവനും പങ്കു വെച്ചിട്ടുണ്ട്..ഇപ്പോള്‍ പാലക്കാന് കാറ്റല്ല...അതിനെക്കാള്‍ പ്രശസ്തമായ പാലക്കാന് ചൂടാണിപ്പോള്‍...ഈ വെയിലത്ത് ചെന്ന് കേറി നോക്കിയേ..അതിനെക്കള്‍ സാഹസികമായേനേ..!
    കൊള്ളാം കേട്ടൊ/..നല്ലവിവരണവും ഫോട്ടൊകളും...

    ReplyDelete
    Replies
    1. chithrngalum, vivaranavum manoharamayi......... aashamsakal.......

      Delete
    2. അനശ്വര

      നന്ദി ... എന്റെ യാത്ര ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ നന്ദി ....
      പാലക്കാട്‌ ചൂടാണ് എങ്കിലും എനിക്ക് അവിടം ഒരുപാട് ഇഷ്ടമാണ് ...
      ഇനിയും കുറെ സ്ഥലങ്ങള്‍ കാണാന്‍ ബാക്കിയുണ്ട് ...
      മീന്‍വള്ളം , ധോണി , സൈലന്റ് വാലി ... അങ്ങിനെ ഒരു പാട് സ്ഥലങ്ങള്‍ ...

      Delete
  6. ഫോട്ടോ കണ്ടപ്പോള്‍ അവിടെയൊന്നു പോയാലോയെന്നൊരു തോന്നല്‍. പുതിയ സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി..

    ReplyDelete
    Replies
    1. സുനി....
      നന്ദി ... ഈ അഭിപ്രായത്തിനു ....
      നിങ്ങളുടെ സിഗപ്പൂര്‍ യാത്രയും മലേഷ്യ യാത്രയും കുറച്ചു ഞാന്‍ വായിച്ചു . നന്നായിട്ടുണ്ട് ...എഴുത്ത് തുടരുക ....

      Delete
  7. അനക്കമേൽക്കാതെ കിടക്കുന്ന കുന്നുകളിലേക്കും ഭൂമികളിലേക്കും യാത്ര തുടരൂ. മധു മാമൻ പോകുമ്പോൾ വായനക്കാർക്കും കൂടെ പോകാനുള്ള അവസരമാണുണ്ടാകുന്നത്.

    ReplyDelete
    Replies
    1. നിരക്ഷരൻ
      നന്ദി..
      ഇനിയും കുറെ സ്ഥലങ്ങള്‍ എഴ്തുതാനുണ്ട് ... ഭയങ്കര മടി ... ഈ ചെറിയ അനങ്ങന്‍ മല യാത്ര എഴ്തുതാന്‍ തന്നെ രണ്ടു മാസം എടുത്തു .... ഈ മടി മാറാന്‍ എന്താ ഒരു വഴി ?

      Delete
  8. hellooo madhu maman.........

    ennanu njan e blog kanunathuu theerchayayumm ethuu oruu anubavam thannay annuu. ennay polay ulla pravasikalkkuu e yathra vivaranavum thickachum santhoshosham pakarunnuu.... keralathilay adikam alkkar onnum ariyathaa engnayulla sthalangal theerchayayumm janagalilethikkannn e sambarambasathinu kayiyattayy ennuu ashamasikkunnuu... ellaa vitha ashamasagalum neerunnuuu....
    snehathoday
    sandeepsankar
    UAE

    ReplyDelete
    Replies
    1. sandeepsankar

      എന്റെ യാത്രകള്‍ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ നന്ദി ...കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളും കണ്ടു തീര്‍ക്കാന്‍ ഈ ആയുസ്സ് മതിയാകില്ല എന്ന് തോന്നുന്നു .. ഒരു പാട് നല്ല സ്ഥലങ്ങള്‍ പുറം ലോകം അറിയാതെ കിടക്കുന്നുണ്ട് ... അവയെയെല്ലാം പുറം ലോകത്ത് എത്തിക്കാന്‍ എനിക്കാവില്ല .

      എന്റെ യാത്രകള്‍ എല്ലാം നമ്മുടെ അടുത്തുള്ള സ്ഥലങ്ങള്‍ ആണ് .. അവിടെ പോകാന്‍ അധികം പണവും, സമയവും വേണ്ടാ ... യാത്ര ചെയ്യാന്‍ മനസ്സുള്ള ആര്‍ക്കും പോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ആണ് ... നാട്ടില്‍ വരുമ്പോള്‍ വിളിക്കൂ ... ഒരുമിച്ചു ഒരു യാത്ര പ്ലാന്‍ ചെയ്യാം ....

      Delete
  9. madhu chetante yathrakal...ennum njangalku puthiya arivukal tharunnu ....realy good job

    ReplyDelete
  10. madi maran oru vashiyundu....nalla chooral kashayam....hahahaa

    ReplyDelete
  11. ഇത് എന്റെ ഗ്രാമം ................ അനങ്ങൻ മല എന്റെ പാലക്കാടിന്റെ സ്വത്തുക്കളിൽ ഏറ്റവും ആമൂല്യമായ ഒന്ന്

    ReplyDelete
  12. വളരെ നല്ല ചിത്രങ്ങള്‍ .. ലേഖനവും നനയിട്ടുണ്ട് .. അവിടുത്തെ ഗൈട് സെന്റര്ഫോണ്‍ നമ്പര്‍ ഉണ്ടോ? ഒരു പ്ലാന്‍ ഉണ്ട് :) നന്ദി

    ReplyDelete
  13. പണ്ട് എടക്കല്‍ ഗുഹയിലേക്ക് പോയതാണ് ഓര്‍മ്മയിലെത്തിയത്. ഗുഹാചിത്രങ്ങള്‍കണ്ട് കൊടുമുടിയേറിയപ്പോള്‍ ആവേശം മാത്രമായിരുന്നു. പലരും പാതിവഴിക്ക് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ പുച്ഛിച്ചുതള്ളി. മധു മാമന്‍ പറഞ്ഞതുപോലെ നാല്‍ക്കാലികളെപ്പോലെയായിരുന്നു പലപ്പോഴും മലകയറ്റം. ചിലപ്പോള്‍# കാല് വെക്കുന്നിടത്തെ പാറ തെന്നി താഴെപ്പോകും. എങ്കിലും ഒരു വിധത്തില്‍ മുകളിലെത്തി. കുറേ നേരം വിശ്രമിച്ച്, കാഴ്ചയൊക്കെ കണ്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ശരിക്കും കുടുങ്ങിയത്. നിങ്ങള്‍ ഇറങ്ങിയിട്ട് ഹെലികോപ്റ്റര്‍ അയച്ചാല്‍ മതി എന്ന് പറഞ്ഞ് ഞാന്‍ അന്ന് അരമണിക്കൂറോളം മലമുകളില്‍ കുത്തിയിരിപ്പ് സമരം നടത്തി നോക്കി. വിജയിച്ചില്ല. ഒടുവില്‍ കണ്ണും പൂട്ടി, കാലിനേയും കയ്യിനേയും മാത്രം വിശ്വസിച്ചാണ് മലയിറങ്ങിയത്.

    ReplyDelete
  14. മികവുറ്റ ചിത്രങ്ങള്‍, നല്ല എഴുത്തും. പാലക്കാടു ജില്ലയിലെ തന്നെ പ്രകൃതി രമണീയ മായ കാഞ്ഞിരപ്പുഴക്കാരന്റെ ആശംസകള്‍.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ഈ പറയുന്ന അനങ്ങൻ മലയിലേക്കു എന്റെ വീട്ടിൽ നിന്നും വെറും 5 KM മാത്രമേ ഉള്ളു. പക്ഷെ ഞാൻ ആ പടികൾ തീര്ന്നതിനു ശേഷം അല്പം മാത്രമേ മുകളിലോട്ട് കയറിയിട്ടുള്ളു. നിങ്ങൾ പറഞ്ഞപോൾ ആണ് ഇതിനു ഇത്രയും സൗന്ദര്യം ഉണ്ട് എന്ന് മനസ്സിലായത് . ഇപ്പോൾ ഞാൻ ബംഗാളൂരി ലാണ് . ഇനി നാട്ടിൽ വരുമ്പോ എന്തായാലും കയറണം. പിന്നെ നിരവതി സിനിമകൾ ഷൂട്ട്‌ ചെയ്തിട്ടുള്ള വരിക്കാശ്ശേരി മന , കവളപ്പാറ മന പിന്നെ പേര് അറിയാത്ത നിരവതി മനകളും, ഭാരതപുഴ , പട്ടാമ്പി , ഒറ്റപ്പാലം, ഷൊർണൂർ , ചെര്പുലശ്ശേരി എന്നിവിടങ്ങളിലെ നിരവധി സംഭവങ്ങളും ഗ്രാമ ഭംഗി യും ആസൊധിക്കാം ഇവിടെ വന്നാൽ . എല്ലാം ഒരു പത്തു ഇരുപതു km ഉള്ളിൽ ഉള്ള സ്ഥലങ്ങള ആണ് . വരുമ്പോൾ ബന്ധ പെടുമല്ലോ . mansooralain@gmail.com

    ReplyDelete
  17. യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് നല്ല ഒന്നാംതരം വിഭവങ്ങളാണല്ലോ ഈ ബ്ലോഗിൽ - പുതിയ അറിവുകൾ തന്നതിന് നന്ദി

    ReplyDelete